ഇടുക്കി: മറയൂർ പഞ്ചായത്തിലെ പെരിയകുടി, കാന്തല്ലൂർ പഞ്ചായത്തിലെ തീർഥമലക്കുടി, വട്ടവട പഞ്ചായത്തിലെ സ്വാമിയാർ കുടി എന്നിവിടങ്ങളിൽ സ്ഥാപിച്ച ലൈബ്രറികളുടെ ഉദ്ഘാടനം നാളെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണി കുമാർ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിക്കും.
തമിഴ് വംശജർ ധാരാളമായി വസിക്കുന്ന ജില്ലയിൽ ഗോത്ര വർഗക്കാരുടെ നിയമ ബോധം വർദ്ധിപ്പിക്കുന്നതിനായി നിയമ പാഠത്തിന്റെ തമിഴ് വ്യാഖ്യാനത്തിന്റെ പ്രകാശനവും ചീഫ് ജസ്റ്റിസ് ഇതോടൊപ്പം ഓൺലൈനായി നിർവഹിക്കും.

ചടങ്ങിൽ ചീഫ് ജസ്റ്റിസിനെ കൂടാതെ, കേരള ലീഗൽ സർവീസ് അതോറിറ്റിയുടെ ചെയർമാൻ ജസ്റ്റിസ് സി.ടി.രവികുമാർ, ജില്ലയുടെ ചുമതല വഹിക്കുന്ന ജസ്റ്റിസ് പി.വി.ആശ, ജില്ലാ ജഡ്ജി മുഹമ്മദ് വസീം, കെൽസയുടെ മെമ്പർ സെക്രട്ടറി നിസാർ അഹമ്മദ് തുടങ്ങിയവർ പങ്കെടുക്കും.മറയൂർ, കാന്തല്ലൂർ, വട്ടവട പഞ്ചായത്തുകളിൽ നിന്നുള്ള പ്രസിഡന്റുമാർ, ആദിവാസി പ്രതിനിധികൾ എന്നിവർക്ക് തൊടുപുഴമുട്ടം കോടതി സമുച്ചയത്തിലെ ബാർ അസോസിയേഷൻ ഹാളിൽ സമ്മേളിച്ച് ഓൺലൈനിൽ ഉദ്ഘാടന ചടങ്ങ് കാണാനും സംവിധാനം ഒരുക്കിയിട്ടുണ്ട്.ഉദ്ഘാടന പരിപാടി ഫെയ്‌സ് ബുക്ക്, യൂട്യൂബ് തുടങ്ങിയ സംവിധാനങ്ങൾ വഴി ഓൺലൈനായി തൽസമയം സംപ്രേഷണം ചെയ്യുമെന്നും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ദിനേശ്.എം.പിള്ള അറിയിച്ചു.