കട്ടപ്പന: ഇരട്ടയാർ നോർത്ത് റോഡ് തകർന്നതോടെ വാഹനഗതാഗതം ദുഷ്‌കരമായി. കാലവർഷം ആരംഭിച്ചതോടെ റോഡിൽ പലസ്ഥലങ്ങളിലായി വെള്ളക്കെട്ടും രൂപപ്പെട്ടു. സ്വകാര്യ ബസുകളടക്കം കടന്നുപോകുന്ന രണ്ടു കിലോമീറ്റർ ദൂരമുള്ള പാത തകർന്നിട്ടു വർഷങ്ങൾ കഴിഞ്ഞു. കുഴികളിൽ പതിച്ച് വാഹനങ്ങൾ അപകടത്തിൽപെടുന്നതും കേടുപാട് സംഭവിക്കുന്നതും പതിവാണെന്നു നാട്ടുകാർ ആരോപിച്ചു. കുഴികളിൽ വീഴാതിരിക്കാൻ വെട്ടിച്ചുമാറ്റുന്നതിനിടെ എതിർദിശങ്ങളിൽ നിന്നു വാഹനങ്ങൾ വരുമ്പോൾ ഗതാഗതവും സ്തംഭിക്കുന്നു. പലസ്ഥലങ്ങളിലും റോഡിന് വീതിക്കുറവുണ്ട്. ഓടകൾ അടഞ്ഞതോടെ മഴവെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്.