നെടുങ്കണ്ടം: കുടുംബ വഴക്കിനെത്തുടർന്നുണ്ടായ ഉന്തിനും തള്ളിനുമിടെ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു. ഉടുമ്പൻചോല പാപ്പുംപാറ പാറയിൽ മണി (58) ആണ് മരിച്ചത്.
മണിയുടെ ആൺമക്കൾ തമ്മിലുണ്ടായ വഴക്കിനിടെ ഇരുവരെയും പിടിച്ചു മാറ്റാനെത്തിയ മണി കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഉടൻ തന്നെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മണിക്ക് മുമ്പ് രണ്ടു തവണ ഹൃദയാഘാതം ഉണ്ടായിട്ടുള്ളതായും ചികിത്സയിലായിരുന്നുവെന്നാണ് വിവരം. വഴക്കിനിടെ മണി അടിയേറ്റു കുഴഞ്ഞു വീഴുകയായിരുന്നെന്നും ആരോപണമുണ്ട്. സംഭവത്തിൽ ഉടുമ്പൻചോല പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ഭാര്യ: ഇന്ദിര.സംസ്‌കാരം പിന്നീട്.