തൊടുപുഴ : ഇടുക്കി മെഡിക്കൽ കോളേജിലെ ഡയാലിസിസ് യൂണിറ്റ്, ഐ സി യു ബ്ലഡ് ബാങ്ക് എന്നിവയുടെ ഉദ്ഘാടനം ജൂലായ് രണ്ടാം വാരത്തിൽ നടത്താൻ ആശുപത്രി വികസന സമിതി യോഗം തീരുമാനിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായുള്ള സംഘാടക സമിതി യോഗം ജൂലായ് 7 ന് ചേരും. ഇപ്പോൾ നടന്നു വരുന്ന അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കും. 10 മെഷീനുകളാണ് ഡയാലിസിസ് യൂണിറ്റിലുള്ളത്. ടെക്‌നീഷ്യൻമാരുടെ താല്ക്കാലിക നിയമനം നടത്തും. ആശുപത്രിയിൽ മികച്ച കാന്റീൻ സൗകര്യമേർപ്പെടുത്തുന്നതും യോഗം ചർച്ച ചെയ്തു. കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കലക്ടർ എച്ച്.ദിനേശന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വ. ഡീൻ കുര്യാക്കോസ് എം.പി, ഡി എം ഒ ഡോ.എൻ. പ്രിയ, ആശുപത്രി സൂപ്രണ്ട് ഡോ. രവികുമാർ എസ്.എൻ, ആർ.എം.ഒ ഡോ.അരുൺ. എസ്, ഡി പി എം ഡോ.സുജിത്ത് സുകുമാരൻ, ആശുപത്രി വികസന സമിതി അംഗങ്ങളായ സണ്ണി ഇല്ലിക്കൽ, സാജൻ കുന്നേൽ, ജെയിൻ അഗസ്റ്റിൻ, പി.കെ.ജയൻ, ജോയി വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.