തൊടുപുഴ: ടൗണിൽ നഗരസഭാ ബസ് സ്റ്റാൻഡിന് സമീപമുണ്ടാകുന്ന വെള്ളളക്കെട്ട് ഒഴിവാക്കുന്നതിന് നിയമ നടപടികളുമായി ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി രംഗത്തിറങ്ങി. പുളിമൂട് പ്ലാസ വെൽഫെയർ അസോസിയേഷനും, സെന്റ് സെബാസ്റ്റ്യൻ പള്ളി വക കെട്ടിടത്തിലെ കച്ചവടക്കാരും ചേർന്ന് നൽകിയ പരാതിയെ തുടർന്നാണ് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ ഇടപെടൽ. കെൽസ ജില്ലാ സെക്രട്ടറിയും സബ്ജഡ്ജുമായ ദിനേശ് എം പിള്ള സ്ഥലം സന്ദർശിച്ചു. പൊതുമരാമത്ത് (റോഡ്‌സ്) എക്‌സിക്യൂട്ടീവ് എഞ്ചിനിയർ ജാഫർഖാൻ, മറ്റ് പൊതുമരാമത്ത് എഞ്ചിനിയർമാർ, മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥർ എന്നിവരും ദിനേശ്.എം.പിള്ളയോടൊപ്പം ഉണ്ടായിരുന്നു. പരിശോധനയിൽ പുളിമൂട്ടിൽ പ്ലാസക്ക് പിന്നിലൂടെ വരുന്ന ഓട, മെയിൽ റോഡുമായി ചേരുന്ന ഭാഗത്ത് വീതിയും ഉയരവും കുറവായതിനാൽ വെള്ളക്കെട്ടിന് കാരണമാകുന്നുവെന്ന് കണ്ടെത്തി. ഇതിന് ഉടൻ തന്നെ പരിഹാരം കണ്ടെത്താമെന്ന് പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥർ ഉറപ്പുനൽകി. മഴവെള്ളക്കെട്ട് ഒഴിവാക്കാൻ, പുളിമൂട്ടിൽ പ്ലാസയുടെ മുൻവശമുള്ള ഓടയുടെ സ്ലാബുകളിൽ ചിലത് മാറ്റി നെറ്റ് ഇടാനും ധാരണയായി. പ്രദേശത്തെ ഓടയിൽ പലയിടത്തും കയ്യേറ്റവും തടസ്സവും മലിനീകരണവും സംഘം കണ്ടെത്തി. ഇരുവശത്തെയും കെട്ടിടങ്ങളിൽ നിന്നുള്ള മാലിന്യം ഈ ഭാഗത്ത് തള്ളുന്നതിനെതിരെ നടപടിയെടുക്കാൻ മുൻസിപ്പൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
ഓടകളിൽ പലയിടത്തെയും വെള്ളമൊഴുക്കിന് വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ തടസ്സം സൃഷ്ടിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് വേണ്ട നിർദ്ദേശം നൽകി
.
വരും ദിവസങ്ങളിൽ റവന്യൂ മുനിസിപ്പൽ വകുപ്പുകളുടെ സഹായത്തോടെ കൂടുതൽ പരിശോധന നടത്തി കൈയേറ്റവും മലിനീകരണവും ഒഴിവാക്കാൻ നടപടിയുണ്ടാകും
ദിനേശ്.എം.പിള്ള
ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി സെക്രട്ടറി