കട്ടപ്പന: അങ്കണവാടികളുടെ അടിസ്ഥാന സൗകര്യങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരുവാൻ കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളും തദ്ദേശ സ്വയംഭരണ സ്ഥാനപങ്ങളും മുൻഗണന നൽകണമെന്ന് ഡീൻ കുര്യാക്കോസ് എം.പി അഭിപ്രായപ്പെട്ടു. കട്ടപ്പന നഗരസഭയിലെ വി.റ്റി പടി അങ്കണവാടിയുടെ നവീന സൗകര്യങ്ങളോടെ നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്ന അദ്ദേഹം. നഗരസഭ വാങ്ങിയ സ്ഥലത്ത് ആധുനിക സൗകര്യങ്ങളോടെ നിർമിച്ച സെന്ററിലേയ്ക്ക് ആവശ്യമായ ഫർണിച്ചറുകൾ വിതരണം ചെയ്തത് കട്ടപ്പന ലയൺസ് ക്ലബ് ആണ്. കട്ടപ്പന നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർപേഴ്‌സൺ ടെസി ജോർജ്, കൗൺസിലർമാരായ അഡ്വ. മനോജ് എം തോമസ്, തങ്കമണി രവി, സിബി പാറപ്പായിൽ, ലയൺസ് ക്ലബ് പ്രസിഡന്റ് ജോർജ് തോമസ്, സി.ഡി.പി.ഒ ശ്രീനന്ദിനി, റെന്നി കോഴിമല, അഡ്വ ജോഷി മണിമല എന്നിവർ പ്രസംഗിച്ചു.