കട്ടപ്പന: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമം സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യുന്നതിനായി കട്ടപ്പനയിൽ അനുവദിച്ച അതിവേഗ സ്‌പെഷ്യൽ പോക്‌സോ കോടതി ഇന്ന് തുറക്കും. ഉച്ചകഴിഞ്ഞ് 2.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ, ഹൈക്കോടതി ചീഫ് ജസ്റ്റീസ് എസ്. മണികുമാർ എന്നിവർ ചേർന്ന് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം നിർവഹിക്കും. കട്ടപ്പന കോടതി സമുച്ചയത്തിന്റെ മൂന്നാം നിലയിൽ 10 ലക്ഷം രൂപ ചെലവഴിച്ചാണ് പോക്‌സോ കോടതിയുടെ നിർമാണം നടത്തിയത്. കട്ടപ്പന ബാർ അസോസിയേഷന്റെ നേതൃത്വത്തിലാണ് തുക സമാഹരിച്ചത്. കോർട്ട് ഹാൾ, ചൈൽഡ് റൂം, വീഡിയോ കോൺഫറൻസ് ഹാൾ, ജഡ്ജസ് ചേംബർ, ഓഫീസ് മുറികൾ തുടങ്ങിയ സൗകര്യങ്ങൾ കോടതിയിൽ സജ്ജീകരിച്ചിട്ടുണ്ട്. ജില്ലാ ജഡ്ജ് ഫിലിപ്പ് തോമസ് പോക്‌സോ കോടതി ജഡ്ജിയായി ഇന്ന് ചുമതലയേൽക്കും. കോടതി സമുച്ചയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ബാർ അസോസിയേഷൻ പ്രസിഡന്റ് ടി.പി. മാത്യു അദ്ധ്യക്ഷത വഹിക്കും. സബ് ജഡ്ജ് കെ.പി. ജോയി മുഖ്യപ്രഭാഷണം നടത്തും. കട്ടപ്പന മജിസ്‌ട്രേറ്റ് ഫസൽ റഹ്മാൻ, കട്ടപ്പന മുൻസിഫ് അനുപമ എസ്.പിള്ള, ബാർ അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുക്കുമെന്ന് അഭിഭാഷകരായ ടി.പി. മാത്യു, തോമസ് കാവുങ്കൽ, ബെന്നി ജോസഫ്, ജോഷി മണിമല എന്നിവർ അറിയിച്ചു.