മൂലമറ്റം: ജലന്തർ സിറ്റി മിച്ചഭൂമിയിൽ താമസിക്കുന്ന വളയംതൊട്ടി സണ്ണിയുടെ കുടുബം മഴക്കാലത്ത് പുറത്ത് കടക്കാനാകാതെ ബുദ്ധിമുട്ടുന്ന വിവരം അറിഞ്ഞ സേവാഭാരതി പ്രവർത്തകർ താത്കാലിക നടപ്പാലം നിർമ്മിച്ചു നൽകി. വീടിന് സമീപമുള്ള തോട്ടിൽ മഴക്കാലത്ത് വെള്ളമെത്തുന്നതിനാൽ തോട് മുറിച്ച് കടന്ന് മൂലമറ്റം ഭാഗത്തേക്ക് ഈ കുടുബത്തിന് എത്തുവാൻ സാധിച്ചിരുന്നില്ല. ശക്തമായ മഴ മാറി വെള്ളത്തിൻ്റെ അളവ് തോട്ടിൽ കുറയുമ്പോൾ ആണ് ഇവർ അക്കരെ കടന്നിരുന്നത്. ഇവരുടെ ദുരിതജീവിതം മനസിലാക്കിയ സേവാഭാരതി പ്രവർത്തകർ ഈ കുടുബത്തിന് താത്കാലികമായി പാലം നിർമ്മിച്ച് നൽകുകയായിരുന്നു. മുള ഉപയോഗിച്ച് നിർമ്മിച്ച പാലത്തിലൂടെ മഴക്കാലത്തും അക്കരെ ഇക്കരെ കടക്കുവാൻ ഇനി ഈ കുടുബത്തിന് സാധിക്കും. സണ്ണിയുടെ അമ്മയും, സഹോദരിയും ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുബത്തിന് ഏറെ ആശ്വാസമായി താത്കാലിക പാലം. സേവാഭാരതി പ്രവർത്തകർക്കൊപ്പം പ്രദേശത്തെ ബിജെപി പ്രവർത്തകരും പാലം നിർമ്മാണത്തിൽ പങ്കാളികളായി.ഡി.രാജീവ്, ചിത്തിര ഷാജി, മനോജ് പുളിക്കൽ, കണ്ണൻ ആശ്രമം, ജോർജ് പഞ്ഞികുന്നേൽ, ഉത്രാടംകണ്ണൻ എന്നിവരാണ് പാലം നിർമ്മാണത്തിന് നേതൃത്വം നൽകിയത്.