കട്ടപ്പന: നഗരസഭ വലിയപാറ വാർഡിലെ മൂന്നാനപ്പള്ളി, എസ്.എൻ. ജംഗ്ഷൻമുളമറ്റംപടി, വെട്ടിക്കുഴക്കവലപഞ്ഞിക്കാട്ടുപടി റോഡുകൾ നന്നാക്കണമെന്നു ആവശ്യപ്പെട്ട് കോൺഗ്രസ് വാർഡ് കമ്മിറ്റി ജനകീയ സമരം നടത്തും. ആദ്യഘട്ടത്തിൽ മന്ത്രി, എം.പി, എം.എൽ.എ, നഗരസഭാദ്ധ്യക്ഷൻ എന്നിവർക്ക് നിവേദനം നൽകുമെന്ന് നേതാക്കൾ അറിയിച്ചു.അഞ്ചുവർഷത്തിനിടെ റോഡുകളുടെ നിർമാണത്തിനു തുക വകയിരുത്താതെ, കാലാവധി അവസാനിക്കാറായപ്പോൾ ഫണ്ട് അനുവദിച്ചുവെന്ന് അവകാശപ്പെടുന്നു. നാട്ടുകാരുടെ നിവേദനത്തെ തുടർന്നാണ് വലിയപാറ റോഡിന് അഞ്ച് ലക്ഷം രൂപ നഗരസഭ അനുവദിച്ചത്. അഞ്ച് വർഷത്തിനിടെ ഒരു കോടി രൂപ കൗൺസിലറുടെ വിഹിതമായി ലഭിച്ചിട്ടുണ്ട്. എന്നാൽ ഇത്രയും തുക എവിടെ ചെലവഴിച്ചുവെന്ന് വ്യക്തമാക്കണം. ഭരണപരാജയം മറയ്ക്കാനാണ് സമരം നടത്തുന്നതെന്നും നേതാക്കൾ ആരോപിച്ചു. ജനപങ്കാളിത്തത്തോടെ ഗ്രാമസഭയോ അവലോകന യോഗമോ വാർഡിൽ നടന്നിട്ടില്ല. റോഡുകൾ അടിയന്തരമായി നന്നാക്കണമെന്നും കുടിവെള്ള പദ്ധതിക്കായി വാങ്ങിയ മോട്ടോർ ഗുണഭോക്താക്കൾക്ക് കൈമാറണമെന്നും വാർഡ് കമ്മിറ്റി ഭാരവാഹികളായ എൻ.എ. തോമസ്, രാധാകൃഷ്ണൻ നായർ, സിജു ചക്കുംമൂട്ടിൽ, പൊന്നപ്പൻ അഞ്ചപ്പറ, ബേബി കാവുങ്കൽ, ജോസ് മണ്ണശേരി എന്നിവർ ആവശ്യപ്പെട്ടു.