കട്ടപ്പന: കട്ടപ്പന നഗരസഭയിലെ വികസന മുരടിപ്പിലും ഇടതുവലത് ഒത്തുതീർപ്പ് ഭരണത്തിനും എതിരെ ബി.ജെ.പി. കട്ടപ്പന മേഖല കമ്മിറ്റി പാറക്കടവിൽ പ്രതിഷേധ സായാഹ്‌നം നടത്തി. അഞ്ചുവർഷത്തിനിടെ അധികാര കൈമാറ്റം മാത്രമാണ് നഗരസഭയിൽ നടന്നതെന്ന് നേതാക്കൾ ആരോപിച്ചു. മാലിന്യ സംസ്‌കരണത്തിന്റെ പേരിൽ ഇരുമുന്നണികളും അനാവശ്യ വിവാദമുണ്ടാക്കി. നഗരത്തിലെ ബൈപാസ് റോഡുകൾ പ്രയോജനപ്പെടുത്താതെ അശാസ്ത്രീയ നടപടികളിലൂടെ ഗതാഗതക്കുരുക്കിൽ ജനങ്ങളെ വീർപ്പുമുട്ടിക്കുകയാണ്. നിരവധി കായിക പ്രതിഭകളെ സംഭാവന നൽകിയ കട്ടപ്പനയിൽ പരിശീലനത്തിനുള്ള അടിസ്ഥാന സൗകര്യം പോലുമില്ല. പ്രളയബാധിതരെ പുനരധിവസിപ്പിക്കാനുള്ള നടപടികളും വൈകുന്നു. റോഡുകളുടെ ശോച്യാവസ്ഥ, കുടിവെള്ളക്ഷാമം എന്നീ പ്രശ്‌നങ്ങൾക്കും പരിഹാരമില്ല. നഗരസഭയായ ശേഷം നികുതിഭാരം വർദ്ധിച്ചതല്ലാതെ ജനങ്ങൾക്ക് പുരോഗതിയും ഉണ്ടായിട്ടില്ലെന്നും നേതാക്കൾ ആരോപിച്ചു. ബി.ജെ.പി. ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് രതീഷ് വരകുമല സമരം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇ.കെ. മനോജ്, വൈസ് പ്രസിഡന്റ് പി.വി. മനോജ്, കമ്മിറ്റിയംഗം എം.കെ. സുബ്രഹ്മണ്യൻ, യുവമോർച്ച മേഖല സെക്രട്ടറി നന്ദു രാജു എന്നിവർ പങ്കെടുത്തു.