ഇന്നലെ അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചു

തൊടുപുഴ: ഇടതടവില്ലാതെ ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം മുന്നോട്ട് പോകുമ്പോൾ ഇന്നലെ അഞ്ച് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ഒരാളുടെ രോഗത്തിന്റെ ഉറവിടം തിരച്ചറിയാനായിട്ടില്ല. ഇന്നലെ രോഗമുക്തിയായവരിൽ ജില്ലയിൽനിന്നും ആരുമില്ല.ഒന്നരയാഴ്ചയക്കിടെ ഉറവിടമറിയാത്ത മൂന്ന് കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത് വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.ഉറവിടമറിയാ രോഗിയുടെ
മൂലമറ്റം കുരുതിക്കളം സ്വദേശി(31)യുടെ രോഗത്തിന്റെ ഉറവിടമാണ് ആരോഗ്യ വകുപ്പ് അന്വേഷിച്ചു കൊണ്ടിരിക്കുന്നത്.
തൃശൂരിൽ കേരള യൂണിവേഴ്‌സിറ്റി വെറ്ററിനറി ഹോസ്പിറ്റലിലെ സെക്ഷൻ ഓഫീസറായ ഇദ്ദേഹം അടുത്ത ബന്ധുവിനൊപ്പം ആലുവയിലെ നേവി ക്വാർട്ടേഴ്‌സിലാണ് താമസിച്ചിരുന്നത്. തൃശൂരിലേക്ക് ദിവസവും കെ.എസ്.ആർ.ടി.സി ബസിൽ പോയി വരികയായിരുന്നു.
ബൈക്കിലാണ് ഇദ്ദേഹം ജൂൺ 26ന് കുരുതിക്കളത്തെത്തിയത്. വരുംവഴി നേര്യമംഗലം റൂട്ടിലെ ഒരു ചായക്കടയിലും തൊടുപുഴ ടൗണിന് സമീപത്തെ പെട്രോൾ പമ്പിലും ടൗണിലെ ഒരു ബുക്ക് സ്റ്റാളിലും ബേക്കറിയിലും കയറിയതായി വിവരം ലഭിച്ചിട്ടുണ്ട്. രാത്രിയോടെ വീട്ടിലെത്തിയ ഇദ്ദേഹത്തിന് 27ന് രാവിലെ രോഗലക്ഷണങ്ങൾ കണ്ടു. തുടർന്ന് അറക്കുളത്തെ വീട്ടിലേക്ക് മാറുകയും ആരോഗ്യ വകുപ്പിനെ വിവരമറിയിച്ച് തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് പോയി. ഇവിടുത്തെ പനി ക്ലിനിക്കിൽ എത്തിയ ഇദ്ദേഹത്തെ ഉടൻതന്നെ സ്രവപരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു.
ഇദ്ദേഹവുമായി അടുത്തിടപെഴകിയ ഭാര്യ, ഒരുവയസുകാരൻ മകൻ, ഭാര്യയുടെ അച്ഛൻ(49), അമ്മ(45), മുത്തശ്ശി (75) എന്നിവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇദ്ദേഹത്തിന് ആലുവയിൽ നിന്നോ തൃശൂരിൽ നിന്നോ രോഗം പകർന്നതാകാമെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക നിഗമനം.
കമ്പത്ത് നിന്ന് കരുണാപുരത്തെ വീട്ടിലെത്തിയ വയോധിക(65)നും ഭാര്യ(50)യ്ക്കും രോഗം സ്ഥിരീകരിച്ചു. ഇവർ ലോക്ക് ഡൗണിന് മുമ്പ് കമ്പത്തേക്ക് പോയതാണ്. കേരളത്തിലേക്ക് വരാനുള്ള പാസെടുത്ത് 16നാണ് തിരിച്ചെത്തിയത്.
കുമളി വരെ ടാക്‌സിയിലും അവിടെ നിന്ന് പൊലീസ് ഏർപ്പാടാക്കിയ ജീപ്പിലുമാണ് വീട്ടിലെത്തിയത്. നിരീക്ഷണത്തിൽ കഴിയവെ രോഗ ലക്ഷണങ്ങൾ കണ്ടതിനാൽ 27ന് സ്രവപരിശോധനയ്ക്ക് വിധേയരാകുകയായിരുന്നു.
രോഗം സ്ഥിരീകരിച്ചമറ്റുള്ളവർ
* മധുരയിൽ നിന്ന് വന്ന പെരുവന്താനം സ്വദേശി (25). ജൂൺ 27ന് ടാക്‌സിയിൽ കുമളിയിലെത്തിയ ഇദ്ദേഹത്തെ രോഗലക്ഷണങ്ങളുള്ളതിനാൽ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അന്ന് തന്നെ സ്രവപരിശോധനയും നടത്തി.
* അബുദബിയിൽ നിന്ന് 14ന് എത്തിയ നെടുങ്കണ്ടം സ്വദേശി (24). കൊച്ചിയിൽ നിന്ന് നെടുങ്കണ്ടം വരെ ടാക്‌സിയിൽ എത്തിയ ഇദ്ദേഹം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ശനിയാഴ്ച സ്രവപരിശോധന നടത്തി.

ചികിൽസയിൽ 52 പേർ

ഇതുവരെ ജില്ലതിൽ 109 പേരാണ് രോഗബാധിതരായത്. ഇതിൽ 57 പേർക്ക് പേരുടെ രോഗം ഭേദമായി. 52 പേരാണ് ഇപ്പോൾ ചികിൽസയിലുള്ളത്.