തൊടുപുഴ: ഉടുമ്പന്നൂർ, വെള്ളിയാമറ്റം, അറക്കുളം, വണ്ണപ്പുറം, കുടയത്തൂർ വില്ലേജുകളിലെ പട്ടികജാതി പട്ടികവർഗക്കാരടക്കമുള്ള മുഴുവൻ കൈവശക്കാർക്കും പട്ടയം നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഗീതാനന്ദൻ നടത്തുന്ന സമരം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് ആദിവാസിക്ഷേമ സമിതി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ജില്ലാ കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഉപാധിരഹിത പട്ടയത്തിനുള്ള ഉത്തരവ് ഇറക്കിയത്. എണ്ണായിരത്തോളം ആദിവാസി കുടുംബങ്ങളും ഏഴായിരത്തിൽ പരം ഇതരജനവിഭാഗങ്ങളും ഇടകലർന്ന് ജീവിക്കുന്ന പ്രദേശമാണിവിടം. 2017 ഏപ്രിൽ 27 ന് ആദിവാസികൾക്ക് പട്ടയം നൽകുന്നതിനുളള ആദ്യ ഉത്തരവ് ഇറങ്ങി ആരും പ്രതിഷേധിച്ചില്ല. തൃശൂർ ജില്ലയ്ക്ക് പട്ടയം നൽകുന്നതിനു നൽകിയ ഉത്തരവ് ഇടുക്കി ജില്ലക്കു കൂടി ബാധകമാക്കിക്കൊണ്ട് രണ്ടാമത്തെ ഉത്തരവ് ഇറങ്ങി. അന്നും പ്രതിഷേധിച്ചില്ല. എന്നാൽ ഈ ഉത്തരവുകളിലെ ന്യൂനതകൾ പരിഹരിച്ചുകൊണ്ട് ജൂൺ രണ്ടിന് കരിമണ്ണൂർ ഭൂമി പതിവ് സ്‌പെഷ്യൽ തഹസിൽദാർക്ക് ജില്ലാ കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ പ്രത്യേക ഉത്തരവ് ഇറങ്ങിയപ്പോഴാണ് ഗീതാനന്ദനും സംഘവും സമരവുമായി ഇറങ്ങിയിരിക്കുന്നത്. പഞ്ചായത്ത് ഇലക്ഷനുമുമ്പ് പട്ടയം നൽകാതിരിക്കാനുള്ള രാഷ്ട്രീയ ഗൂഢതന്ത്രം ഇതിനു പിന്നിൽ ഉണ്ട്. പട്ടയ നടപടികൾ തടസ്സപ്പെടുത്തുന്ന നടപടികളിൽ നിന്ന് ഗീതാനന്ദനും കൂട്ടരും പിൻവാങ്ങിയില്ലെങ്കിൽ ആദിവാസി ക്ഷേമസമിതി രംഗത്തിറങ്ങുമെന്നും ഇവർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ എ.കെ.എസ് സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്. രാജൻ, സെക്രട്ടറി കെ.എ. ബാബു,​ ജില്ലാ കമ്മിറ്റിയംഗം എം.ഐ.​ ശശിധരൻ എന്നിവർ പറഞ്ഞു.