ചെറുതോണി: കേരളത്തിൽ ഭരണത്തിലിരിക്കുന്ന ഇടതുപക്ഷമുന്നണി സർക്കാർ കർഷക വിരുദ്ധ നിലപാടാണ് സ്വീകരിച്ചുവരുന്നതെന്നും, ഈ സർക്കാർ അധികാരത്തിലേറിയതിനുശേഷം കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള ലക്ഷക്കണക്കിന് തൊഴിലാളികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന പ്രവണതയാണ് തുടർന്നുവരുന്നതെന്നും എ. ഐ.സി.സി അംഗം അഡ്വ. ഇ.എം ആഗസ്തി എക്‌സ്. എം.എൽ.എ പറഞ്ഞു..
കർഷക തൊഴിലാളികൾക്ക് 6 മാസത്തെ സൗജന്യ റേഷൻ അനുവദിക്കുക, കോവിഡ് ധനസഹായത്തിന്റെ കാലാവധി നീട്ടുകയും 1000 രൂപയിൽ നിന്നും 5000 രൂപയായി വർദ്ധിപ്പിക്കുക, കർഷക തൊഴിലാളി ക്ഷേമനിധി കുടിശിഖ അടിയന്തിരമായി വിതരണം ചെയ്യുക, ക്ഷേമനിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുയും പെൻഷൻ 3000 രൂപയായി വർദ്ധിപ്പിക്കുകയും ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ഇടുക്കി ജില്ലാ കമ്മറ്റി ചെറുതോണിയിൽ സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡി.കെ.റ്റി.എഫ് ജില്ലാ പ്രസിഡന്റ് ജെയിംസ് മാമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ ആനയ്ക്കനാട്ട് മുഖ്യപ്രഭാഷണം നടത്തി. അനീഷ് പ്ലാശനാൽ, നിഖിൽ പൈലി, സൈമൺ പുത്തൻവീട്ടിൽ, മോഹൻ തോമസ്, എന്നിവർ സംസാരിച്ചു.