ചെറുതോണി: 56 വയസ് കഴിഞ്ഞ എല്ലാ കർഷകർക്കും 10000 രുപ പെൻഷൻ നൽകാനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം കർഷകയൂണിയൻ ആവശ്യപ്പെട്ടു.വിവിധ കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മരിയാപുരം കൃഷിഭവനുമുന്നിൽ കേരളാ കോൺഗ്രസ് എം നേതാക്കൾ നടത്തിയ കൂട്ടധർണ്ണ വർഗ്ഗീസ് വെട്ടിയാങ്കൽഉദ്ഘാടനം ചെയ്തു. ക്ഷേമനിധിയിൽ അംഗമാകുന്ന കർഷകർക്ക് വരുംകാലങ്ങളിൽ 10000 രൂപ പെൻഷൻ കിട്ടത്തക്ക വിധം ക്ഷേമനിധി പദ്ധതി ക്രമീകരിച്ച് കർഷക ക്ഷേമനിധി ബോർഡ് പ്രഖ്യാപനം യാഥാർത്ഥ്യമാക്കണം. ഭരണ ചിലവുകൾ കുറയ്ക്കുന്നതിനായി കർഷകകർഷകതൊഴിലാളി ക്ഷേമനിധി ബോർഡുകൾ ഏകീകരിച്ച് പദ്ധതി നടപ്പിലാക്കുന്നത് പരിഗണിക്കണം. സർക്കാർ ജീവനക്കാർക്ക് സർവ്വീസിലിരിക്കുമ്പോൾ പദവിക്കനുസരിച്ച് ശമ്പളം നൽകുകയും പെൻഷൻ തുക പരമാവധി 30000 രൂപയാക്കി നിജപ്പെടുത്തുകയും വേണം. വന്യമൃഗ ശല്യം തടയുവാനും ഏലത്തിന് കിലോയ്ക്ക് 3000 രൂപയും കുരുമുളകിന് 750 രൂപയും കുറഞ്ഞത് ലഭ്യമാക്കുവാനും നടപടി സ്വീകരിക്കണം.
ധർണ്ണാസമരത്തിൽ മണ്ഡലം പ്രസിഡന്റ് സണ്ണി പുൽകുന്നേൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റിയംഗങ്ങളായ ലാലു ജോൺ, ടോമി തൈലംമനാൽ, മണ്ഡലം നേതാക്കളായ മാത്യു പുൽകുന്നേൽ, തങ്കച്ചൻ മുല്ലപ്പിള്ളിൽ, ജെയിംസ് പുത്തേട്ട്പടവിൽ, മാത്യു പിണക്കാട്ട്, രാജു മുട്ടുമുഖത്ത് എന്നിവർ പ്രസംഗിച്ചു.