തൊടുപുഴ: ലോക്ക്ഡൗൺ കാലത്ത് അടഞ്ഞുകിടന്ന വ്യാപാര സ്ഥാപനങ്ങളുടെയും വാടക കെട്ടിടങ്ങളുടെയും വാടക ഇളവ് ചെയ്ത് തരണമെന്ന് തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷനും മർച്ചന്റ്‌സ് യൂത്ത്‌വിംഗും വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കൊവിഡ് എന്ന മഹാമാരി കേരളത്തിലെ വ്യാപാരികളെ ഒന്നടങ്കം ദുരിതത്തിലാക്കിയിരിക്കുകയാണ്. ഫെബ്രുവരി ആദ്യം മുതൽ ആരംഭിച്ചതാണ് വ്യാപാര മാന്ദ്യം. തുടർന്നെത്തിയ ലോക്ക്ഡൗണിന് ശേഷം 45 ദിവസങ്ങൾ കഴിഞ്ഞ് കടകൾ തുറന്നപ്പോൾ രോഗ വ്യാപനം കൂടുകയും മാർക്കറ്റുകൾ നിശ്ചലമാവുകയും ചെയ്തു. ലോക്ഡൗൺ സമയത്തെ രണ്ടുമാസത്തെ വാടക ഒഴിവാക്കിയും മാന്ദ്യം മാറുന്നതുവരെ നിലവിലുള്ള വാടകയിൽ നിന്ന് 50 ശതമാനം കുറച്ചും വ്യാപാരികളെ സഹായിക്കണം. ഇത് ഓരോ കെട്ടിട ഉടമകളുടെയും കടമയാണെന്ന് മനസിലാക്കി വ്യാപാരികളെ സഹായിക്കണം. പ്രളയകാലത്ത് കച്ചവടമാന്ദ്യം ഉണ്ടായപ്പോൾ വ്യാപാരികളാരും വാടക കുറച്ച് ചോദിച്ചിട്ടില്ല. അതിനാൽ കെട്ടിട ഉടമകൾ ഇത് അനുഭാവപൂർവം പരിഗണിക്കണമെന്നാണ് ആവശ്യം. വാർത്താസമ്മേളനത്തിൽ തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ, ജനറൽ സെക്രട്ടറി നാസർ സൈര, വൈസ് പ്രസിഡന്റുമാരായ ടോമി സെബാസ്റ്റ്യൻ, പി. അജീവ്, യൂത്ത്‌വിംഗ് പ്രസിഡന്റ് എം.ബി. താജു, ജനറൽ സെക്രട്ടറി പി.കെ. രമേശ് എന്നിവർ പെങ്കടുത്തു.