 ജില്ലയിൽ എസ്. എസ്. എൽ. സി വിജയ ശതമാനം 99.23%


തൊടുപുഴ: എസ്.എസ്.എൽ.സി പരീക്ഷയിൽ ഇടുക്കി ജില്ലയ്ക്ക് റെക്കാഡ് വിജയം. വിജയശതമാനം ആദ്യമായി 99.23ൽ എത്തി. കഴിഞ്ഞവർഷത്തെ വിജയശതമാനം 98.44 ആയിരുന്നു. പരീക്ഷയെഴുതിയ 11472 വിദ്യാർത്ഥികളിൽ 11384 പേരാണ് തുടർപഠനത്തിന് യോഗ്യത നേടിയത്. കട്ടപ്പന- 98.98, തൊടുപുഴ- 99.55 എന്നിങ്ങനെയാണ് ഉപജില്ലകളിലെ വിജയശതമാനം. തൊടുപുഴയിൽ പരീക്ഷ എഴുതിയ 5117 വിദ്യാർത്ഥികളിൽ 5094 പേരും കട്ടപ്പനയിൽ 6355 വിദ്യാർത്ഥികളിൽ 6290 പേരും വിജയിച്ചു. ജില്ലയിലാകെ 935 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഇതിൽ 648 പെൺകുട്ടികളും 287 ആൺകുട്ടികളുമുണ്ട്. സമ്പൂർണ വിജയം നേടിയ സ്‌കൂളുകളുടെ എണ്ണത്തിലും ഇത്തവണ വർദ്ധനയുണ്ടായി. 125 സ്‌കൂളുകളിലാണ് പരീക്ഷയെഴുതിയ എല്ലാവരും ജയിച്ചത്. കഴിഞ്ഞ വർഷം ഇത് 98 ആയിരുന്നു.