കട്ടപ്പന: എസ്.എസ്.എൽ.സി പരീക്ഷയിൽ കട്ടപ്പന വിദ്യാഭ്യാസ ജില്ലയ്ക്ക് 98.98 ശതമാനം വിജയം. പരീക്ഷയെഴുതിയ 6355 വിദ്യാർഥികളിൽ 6290 പേർ ഉപരിപഠനത്തിനു യോഗ്യതനേടി. 64 സ്‌കൂളുകൾ നൂറുമേനി വിജയം സ്വന്തമാക്കി. ഇത്തവണ എയ്ഡഡ് സ്‌കൂളുകളെ പിന്നിലാക്കി സർക്കാർ വിദ്യാലയങ്ങൾ നൂറുമേനി വിജയത്തിൽ മുന്നിലെത്തി. 30 സർക്കാർ സ്‌കൂളുകളിലെയും 29 എയ്ഡഡ് സ്‌കൂളുകളിലെയും അഞ്ച് അൺ എഡ്‌സസ് സ്‌കൂളുകളിലെയും മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു. പരീക്ഷയെഴുതിയ 372 വിദ്യാർഥികളെയും വിജയിപ്പിച്ച് കല്ലാർ ഗവ. എച്ച്.എസ്.എസ്. തിളക്കമാർന്ന വിജയം സ്വന്തമാക്കി. 36 പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. മൂന്നുപേർ മാത്രം പരീക്ഷയെഴുതിയ ഖജനാപ്പാറ ഗവ. ഹൈസ്‌കൂളിനും നൂറു ശതമാനം വിജയമാണ്. ആറുവീതം വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ കണയങ്കവയൽ ഗവ. എച്ച്.എസ്, കുറ്റിപ്ലാങ്ങാട് ഗവ. എച്ച്.എസ്.എസ്, ചോറ്റുപാറ ജി.എച്ച്.എസ്.എസ്. എന്നിവിടങ്ങളിലും നൂറുശതമാനം വിജയമാണ്. കട്ടപ്പന ഓസാനം ഇ.എം.എച്ച്.എസ്.എസിലെ 46 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. അതേസമയം ഒരാളുടെ തോൽവിയിൽ നൂറുമേനി നഷ്ടമായത് 15 സ്‌കൂളുകൾക്കാണ്.