തൊടുപുഴ: ആശങ്കയുടെ ഗ്രാഫുയർത്തി തുടർച്ചയായി കൊവിഡ് സ്ഥിരീകരിച്ചിരുന്ന ജില്ലയിൽ ഇന്നലെ ആർക്കു രോഗം റിപ്പോർട്ട് ചെയ്തില്ല. ഇന്നലെ രണ്ട് പേർക്ക് രോഗമുക്തി നേടാനായതും ആശ്വാസമായി. ജൂൺ 21ന് കൊവിഡ് സ്ഥിരീകരിച്ച തൊടുപുഴ സ്വദേശിയായ ബസ് ഡ്രൈവർക്കും തമിഴ്നാട്ടിൽ നിന്നെത്തി ജൂൺ 16ന് രോഗം സ്ഥിരീകരിച്ച ഉടുമ്പന്നൂർ സ്വദേശിക്കുമാണ് രോഗം ഭേദമായത്. ഇവർ തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നിരീക്ഷണത്തിലിരിക്കെ കറങ്ങി നടന്നെന്ന് കണ്ടെത്തിയ ബസ് ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചത് തൊടുപുഴ മേഖലയിലുള്ളവരെ ആശങ്കയിലാക്കിയിരുന്നു. പശ്ചിമ ബംഗാളിൽ അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ടുവിടാൻ പോയി തിരികെ വന്ന ശേഷം വീട്ടിൽ സ്വയം നിരീക്ഷണത്തിലായിരുന്നു ഇയാളും സുഹൃത്തും. എന്നാൽ നിരീക്ഷണത്തിൽ 12 ദിവസം ഇരുന്ന ശേഷം ഇയാൾ പലയിടത്തും കറങ്ങി നടക്കുകയായിരുന്നു. സ്വകാര്യ ആശുപത്രി , ഒരു മരണ വീട്, തൊടുപുഴ സ്വകാര്യ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ ഇയാൾ പോയെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ഇയാളുമായി നേരിട്ട് സമ്പർക്കത്തിലേർപ്പെട്ട 16 പേരെയും രണ്ടാം സമ്പർക്ക പട്ടികയിലായി മുപ്പതിലേറെ പേരെയും നിരീക്ഷണത്തിലാക്കിയിരുന്നു. ഇവരിലാർക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല. ബസ് ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചതിന് ശേഷം തൊടുപുഴയിൽ സാമൂഹ്യവ്യാപനമായെന്ന തരത്തിൽ നിരവധി വ്യാജ സന്ദേശങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിലടക്കം പ്രചരിച്ചത് ആരോഗ്യപ്രവർത്തകരെയടക്കം ബുദ്ധിമുട്ടിലാക്കിയിരുന്നു.

ജൂൺ കൊവിഡ് മാസം

ജൂൺ മാസമാണ് മറ്റ് ജില്ലകളിലെന്ന പോലെ ഇടുക്കിയിലും ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ മാസം മാത്രം 76 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ഇതിൽ ജൂൺ 21നായിരുന്നു ആശങ്ക ഹൈറേഞ്ചിലാക്കി 11 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ റിപ്പോർട്ട് ചെയ്തിൽ ഏറ്റവും വലിയ കണക്കാണിത്. ജില്ലയിൽ ഇതുവരെ 21 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടിട്ടുള്ളത്. ഇതിൽ എട്ട് പേർക്ക് എവിടെ നിന്നാണ് രോഗം പിടിപ്പെട്ടതെന്ന് കണ്ടെത്താനായിട്ടില്ല. നിലവിൽ 50 പേരാണ് ജില്ലയിൽ കൊവിഡ് - 19 ബാധിച്ച് ചികിത്സയിലുള്ളത്. ആകെ 109 പേർക്കാണ് ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അതിൽ 59 പേർ രോഗമുക്തരായി.