കട്ടപ്പന: നഗരസഭ വലിയപാറ വാർഡ് കൗൺസിലർക്കെതിരെയുള്ള ആരോപണം തിരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണെന്ന് സി.പി.എം കട്ടപ്പന ഈസ്റ്റ് ലോക്കൽ കമ്മിറ്റി. നാലു വർഷത്തിനിടെ നഗരസഭയിൽ നിന്ന് ലഭിച്ച 47 ലക്ഷം രൂപയിൽ 41 ലക്ഷം റോഡിനും അഞ്ച് ലക്ഷം കുടിവെള്ള പദ്ധതിക്കായും ഒരുലക്ഷം രൂപ രണ്ടു വീടുകളുടെ നവീകരണത്തിനായും ചെലവഴിച്ചു. 40 കുടുംബങ്ങൾക്ക് പി.എം.എ.വൈലൈഫ് പദ്ധതിപ്രകാരം വീടും 52 പേർക്ക് പെൻഷനും ലഭ്യമാക്കി. ഭൂഗർഭ ജല വിഭവ വകുപ്പിലൂടെ കുഴൽകിണറും മോട്ടോറും സ്ഥാപിച്ച് കുടിവെള്ള ക്ഷാമം പരിഹരിച്ചു. 2019ലെ പ്രളയത്തിൽ തകർന്ന റോഡിന് പ്രളയദുരിതാശ്വാസ നിധിയിൽനിന്നുള്ള അഞ്ചുലക്ഷം രൂപയും നഗരസഭയുടെ തനത്ഫണ്ടിൽനിന്ന് 2.5 ലക്ഷം രൂപയും വകയിരുത്തി. എന്നാൽ നിർമാണം നടത്താൻ കരാറുകാർ തയാറാകുന്നില്ല. എൽ.ഡി.എഫ് കൗൺസിലർമാരുടെ വാർഡുകളോട് നഗരസഭ കാട്ടുന്ന അവഗണനയ്ക്കെതിരെ നടന്ന പ്രതിഷേധം തെറ്റിദ്ധരിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്. ഒരു കോടി രൂപ വാർഡിലെ വികസനപ്രവർത്തനങ്ങൾക്ക് നൽകിയെന്നുള്ള കോൺഗ്രസ് നേതാവിന്റെ പരാമർശത്തിനു യു.ഡി.എഫ്. മറുപടി പറയണം. തിരഞ്ഞെടുപ്പ് അടുത്തതോടെയാണ് കോൺഗ്രസ് വ്യാജപ്രചരണം നടത്തുന്നതെന്നും നേതാക്കളായ എം.സി. ബിജു, ടോമി ജോർജ്, കെ.പി. സുമോദ്, ജിബിൻ മാത്യു, വലിയപാറ വാർഡ് കൗൺസിലർ ജലജ ജയസൂര്യ എന്നിവർ പറഞ്ഞു.