രാജാക്കാട്: കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി 60 വയസ്സിന് മുകളിലുള്ളവർക്ക് ആയുർവേദ പ്രതിരോധ മരുന്നുകളുമായി 'അരികിലായ് 'ആയുർവേദം എന്ന മൊബൈൽ ക്ലിനിക്കിലെ മെഡിക്കൽ സംഘം പ്രവർത്തനമാരംഭിച്ചു.രാജാക്കാട് ഗ്രാമ പഞ്ചായത്തും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി രാജാക്കാട് ഗവ.ആയുർവേദ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ: എം.എസ്.നൗഷാദ് ന്റെ നേതൃത്വത്തിൽ നടക്കുന്ന ഗ്രാമപഞ്ചായത്ത് പദ്ധതിയുടെ ഭാഗമായാണിത്. 'കരുതലോലെ കേരളം കരുത്തേകാൻ ആർവേദം' എന്ന സന്ദേശത്തോടെ ആയുർ രക്ഷാ ക്ലിനിക്കും വയോജനങ്ങൾക്കുള്ള ഗ്രാമ പഞ്ചായത്തിന്റെ പ്രത്യേക ആയുർവേദ പദ്ധതിയായ വയോനിലാവും ഇതുമായി സഹകരിക്കുന്നുണ്ട്. ജനകീയ പങ്കാളിത്തോടെ രൂപീകരിച്ച 'ആയുർരക്ഷാ ടാസ്‌ക് ഫോഴ്‌സ് ' ന്റെ സേവനവും ഇതിനായി ഉപയോഗപ്പെടുത്തുന്നു. എൻ.ആർ.സിറ്റി വാർഡിൽ മരുന്നു വിതരണത്തിന് തുടക്കം കുറിച്ചുകൊണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സതി ക്രമീകരണങ്ങൾക്ക് നേതൃത്വം നല്കി. ആയുർ രക്ഷാ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളായ ലൗലി മാത്യു, ശംഭു സുരേന്ദ്രൻ ,അനഘ ലക്ഷ്മി ,വത്സല വിജയൻ എന്നിവർ പങ്കെടുത്തു.