കാൺപൂർ: ഇരുപത്തിയഞ്ച് സ്കൂളുകളിൽ ജോലി ചെയ്യുന്ന രേഖ ചമച്ച് ഒരു കോടി രൂപ തട്ടിയെടുത്ത് അദ്ധ്യാപിക. ഉത്തർപ്രദേശിലെ ഒരു സർക്കാർ സ്കൂൾ അദ്ധ്യാപികയാണ് അമ്പരപ്പിക്കുന്ന തട്ടിപ്പിന് പിന്നിൽ. കസ്തൂർബാ ഗാന്ധി ബാലിക വിദ്യാലയയിലെ അദ്ധ്യാപികയായ അനാമിക ശുക്ല ഒരു വർഷത്തോളം നടത്തിയ തട്ടിപ്പാണ് ഒടുവിൽ പുറത്ത് വന്നത്.
അദ്ധ്യാപകരുടെ ഡാറ്റബേസ് പരിശോധിച്ചതോടെ തട്ടിപ്പ് വ്യക്തമാകുകയായിരുന്നു. പ്രൈമറി സ്‌കൂളുകളിലെ അദ്ധ്യാപകരുടെ ഹാജർ പരിശോധിക്കുന്നതിലെ വീഴ്ച മുതലെടുത്താണ് തട്ടിപ്പ് നടത്തിയത്. അതേസമയം ഒരു അദ്ധ്യാപികയ്ക്ക് തനിച്ച് ഇത്തരം ഒരു തട്ടിപ്പ് നടത്താൻ കഴിയുമോയെന്നാണ് സംശയം ഉയരുന്നത്. ഉന്നതർക്കും പങ്കുണ്ടാകാമെന്നും കൂടുതൽ സംഭവങ്ങൾ ഇതുപോലെ നടക്കുന്നുണ്ടാകാമെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
സംഭവം വിവാദമായതോടെ സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജനറൽ വിജയ് കിരൺ ആനന്ദ് അന്വേഷണം നടത്താൻ തയ്യാറായിട്ടുണ്ട്. അമേഠി, അംബേദ്കർ നഗർ, റായ്ബറേലി, പ്രയാഗ് രാജ്, അലീഗഢ് ജില്ലകളിലായി വിവിധ സ്‌കൂളുകളിൽ അദ്ധ്യാപികയായി പേര് രജിസ്റ്റർ ചെയ്താണ് അനാമിക ശുക്ല തട്ടിപ്പ് നടത്തിയത്. മെയിൻപുരി ജില്ലക്കാരിയാണ് ഇവർ. ഇവരോട് വിശദീകരണം ചോദിച്ചെങ്കിലും ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ലെന്നാണ് വിവരം. ഇതേ തുടർന്ന് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്.