കണ്ണൂർ: ആറ് എയർ ഇന്ത്യ ജീവനക്കാർക്ക് അടക്കം കൊവിഡ് 19 വൈറസ് വ്യാപിച്ചതോടെ കണ്ണൂർ ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണം നൂറ് പിന്നിട്ടു. കേരളത്തിൽ 138 കൊവിഡ് രോഗികളുള്ള പാലക്കാടിന് പിന്നാലെയാണ് 114 രോഗികളുമായി കണ്ണൂർ കിതക്കുന്നത്. തൊട്ടടുത്തുള്ള കാസർകോടും 76 രോഗികളുള്ളതിനാൽ ആശങ്ക ശക്തമാണ്. കണ്ണൂരിൽ ചികിത്സയിലുള്ളതിൽ മൂന്നു പേർ വീതം കോഴിക്കോട്, കാസർകോട് സ്വദേശികളാണ്. അതേസമയം കോഴിക്കോട് ചികിത്സയിലുള്ളവർ 38 പേർ മാത്രമാണെങ്കിലും രണ്ട് കണ്ണൂർ സ്വദേശികളും മൂന്ന് കാസർകോട് സ്വദേശികളുമുണ്ട്.
കണ്ണൂരിൽ ഇന്നലെ മാത്രം ഏഴു പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. നാലു പേർ വിദേശത്ത് നിന്നും മൂന്നു പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. സമ്പർക്കം വഴി രോഗ ബാധിതരായവരുടെ എണ്ണം കുറയുന്നത് അൽപ്പം ആശ്വാസം പകരുന്നുണ്ട്. കണ്ണൂർ വിമാനത്താവളം വഴി ഒമാനിൽ നിന്നുള്ള ഐ.എക്സ് 714 വിമാനത്തിൽ 20ന് എത്തിയ മുഴപ്പിലങ്ങാട് സ്വദേശിനിയായ പത്തൊൻപതുകാരി, 22ന് ഇതേ നമ്പർ വിമാനത്തിലെത്തിയ ഇരിട്ടി സ്വദേശിയായ 38കാരൻ, 27ന് ദുബൈയിൽ നിന്നുള്ള ഐ.എക്സ് 1746 വിമാനത്തിലെത്തിയ തലശ്ശേരി സ്വദേശിയായ 18കാരൻ, കരിപ്പൂർ വിമാനത്താവളം വഴി 23ന് ദുബൈയിൽ നിന്നുള്ള ഐ.എക്സ് 344 വിമാനത്തിലെത്തിയ കടമ്പൂർ സ്വദേശിയായ 44കാരൻ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവർ.
രാജധാനി എക്സ്പ്രസ് വഴി 22ന് ഡൽഹിയിൽ നിന്നെത്തിയ മുഴക്കുന്ന് സ്വദേശിയായ 25കാരൻ (ഇപ്പോൾ കോട്ടയം മലബാറിൽ താമസം), 28ന് മുംബൈയിൽ നിന്നെത്തിയ ആലക്കോട് സ്വദേശി 58കാരൻ, 17ന് അഹമ്മദാബാദിൽ നിന്ന് വാഹനത്തിലെത്തിയ കോട്ടയം മലബാർ സ്വദേശി 23കാരൻ എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നു വന്നവർ. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം 229 ആയി. ഇതിൽ 126 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവിൽ ജില്ലയിൽ 9459 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 64 പേരും അഞ്ചരക്കണ്ടി കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ 89 പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ 30 പേരും കണ്ണൂർ ജില്ലാ ആശുപത്രിയിൽ 19 പേരും വീടുകളിൽ 9257 പേരുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതുവരെയായി ജില്ലയിൽ നിന്നും 7118 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിൽ 6423 എണ്ണത്തിന്റെ ഫലം ലഭ്യമായി. 6011 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 695 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.