pic

കാസർകോട്: പ്രവേശനോത്സവങ്ങളും ക്ലാസ്മുറികളിലെ ആരവങ്ങളുമില്ലാതെ കുട്ടികൾ വീടുകൾ പഠന മുറികളാക്കി. വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കൈറ്റിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന വിക്ടേഴ്സ് ചാനലിലൂടെയും സമഗ്ര പോർട്ടലിലൂടെയും യൂട്യൂബിലൂടെയും ഓൺലൈനായാണ് രാവിലെ മുതൽ കുട്ടികൾ പഠനം തുടങ്ങിയത്. ടി.വിയും മൊബൈൽ ഫോണുകളും സ്വന്തമായില്ലാത്ത കുട്ടികൾക്ക് സന്നദ്ധ സംഘടനകളും ഗ്രന്ഥാലയങ്ങളും പഠന മുറികൾ ഒരുക്കി നൽകി. പഠനം ആസ്വാദ്യകരമായിരുന്നുവെന്നും ക്ലാസുകൾ നന്നായി മനസിലായെന്നും ആദ്യത്തെ ഓൺലൈൻ ക്‌ളാസിൽ ഇരുന്ന പ്ലസ്‌ടു ക്ലാസുകളിലെ കുട്ടികൾ പറഞ്ഞു.

പിന്നോക്ക മേഖലയിലെ ധാരാളം കുട്ടികൾ ഓൺലൈൻ പഠന സൗകര്യം ഇല്ലാതെ വലയുന്നുണ്ട്. ടി.വി, ഇന്റർനെറ്റ്, സ്മാർട്ട്ഫോൺ തുടങ്ങിയ പഠനോപാധി ഇല്ലാത്ത 11,436 കുട്ടികളാണ് കാസർകോട് ജില്ലയിലുള്ളത്. കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലാണ് ഇതിൽ പകുതിയോളം. ബാക്കിയുള്ളവർ ജില്ലയുടെ മലയോര മേഖലയിലാണ്. കൊവിഡ് കാരണം പരീക്ഷകൾ പോലും പൂർത്തിയാക്കാനാകാതെ സ്‌കൂളുകൾ അടച്ചിട്ടതോടെ പുതിയ അദ്ധ്യയനവർഷം എങ്ങനെയാകുമെന്ന ആശങ്കയിലായിരുന്നു കുട്ടികളും രക്ഷിതാക്കളും. സംസ്ഥാന സർക്കാരും വിദ്യാഭ്യാസ വകുപ്പും ഇതിനെ നേരിടാൻ പുതുവഴി തേടിയതോടെയാണ് അദ്ധ്യയനം ആരംഭിച്ചത്. സ്‌കൂൾ തുറക്കുമ്പോഴേക്കും കുട്ടികളെ സജ്ജരാക്കി നിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് താൽക്കാലിക ഓൺലൈൻ പഠനം.

പഞ്ചായത്തുകളുടെ ഫണ്ടുപയോഗിച്ചും സ്പോൺസർമാരെ കണ്ടെത്തിയും സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയും ഭൂരിഭാഗം വീടുകളിലും ടിവി, കംപ്യൂട്ടറും ഇന്റർനെറ്റും തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കുന്നതിന് നടപടി തുടങ്ങിയിട്ടുണ്ട്. ഇതിനുശേഷവും സൗകര്യമില്ലാത്ത കുട്ടികൾക്ക് അയൽപക്കത്തെ വീടുകളിലോ സമീപത്തെ വായനശാലകൾ ഉൾ

പ്പെടെയുള്ള പൊതുസ്ഥാനങ്ങളിലോ ടി.വിയിലൂടെ വിക്ടേഴ്സ് ചാനൽ കാണാനുള്ള അവസരവും ഒരുക്കുന്നുണ്ട്. ഇതിനായി പഞ്ചായത്ത് അംഗങ്ങളുടെയും അധ്യാപകരുടെയും മേൽനോട്ടവുമുണ്ടാകും. ഓൺലൈൻ പഠനത്തിലൂടെ ഉണ്ടാകുന്ന സംശയങ്ങൾ ദൂരീകരിക്കാൻ പഠിക്കുന്ന സ്‌കൂളിലെ അദ്ധ്യാപകർ എല്ലാവിധ തയ്യാറെടുപ്പും നടത്തി. ഇതിനായി ഓരോ ക്ലാസിലെയും കുട്ടികളെ ഉൾപ്പെടുത്തിയുള്ള വാട്സ് ആപ് കൂട്ടായ്മയും രൂപീകരിച്ചു. അദ്ധ്യാപകരെ ഫോൺ വിളിച്ചും സംശയം അകറ്റാനായി.