pic

മാഹി: ദേശീയ പാതയിലെ പെട്രോൾ പമ്പുകൾ ഒഴികെ പള്ളൂർ, ഇടയിൽ പീടിക, പന്തക്കൽ, മൂലക്കടവ് ഭാഗങ്ങളിലെ പമ്പുകളുടെ പ്രവർത്തനം അടുത്തിടെയായി തോന്നിയപോലെയായി. കഴിഞ്ഞ മാർച്ച് 23ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം റോഡിൽ വാഹനങ്ങൾ കുറവായതോടെയാണ് അത്യാവശ്യ സർവീസ് വിഭാഗത്തിൽ പ്പെടുന്ന പെട്രോൾ പമ്പുകൾ പ്രവർത്തന സമയം വെട്ടിച്ചുരുക്കി അടച്ചിടുന്നത്. ഞായറാഴ്ച്ച കളിൽ ചില പമ്പുകൾ പൂർണ്ണമായും അടച്ചിടുകയാണ്. കഴിഞ്ഞ ദിവസം മലബാർ കാൻസർ സെന്ററിലേക്ക് രോഗിയുമായി പോകുന്ന വാഹനം പന്തക്കലിലെ പമ്പ് അടച്ചിട്ടതിനാൽ പാതി വഴിയിൽ ഇന്ധനം തീർന്ന് നിന്ന് പോയിരുന്നു.


മാഹിയിലെ വിലക്കുറവ് കാരണം വിദൂര സ്ഥലങ്ങളിൽ നിന്നും വാഹനവുമായി വരുന്നവർ മാഹി മേഖലയിലെ പമ്പുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ പമ്പുകൾ അടച്ചിടുമ്പോൾ പെരുവഴിയിലാകുന്നത് അത്യാവശ്യ യാത്ര ചെയ്യുന്നരാണ്. കണ്ണുർ വിമാനത്താവളം പ്രവർത്തന സജ്ജമായതോടെ 24 മണിക്കൂറും പമ്പുകൾ പ്രവർത്തിക്കണമെന്ന നിർദ്ദേശം പാലിക്കപ്പെടുന്നില്ല. പമ്പ് ജീവനക്കാർക്ക് മുഴുവൻ ദിവസവും ജോലി ലഭിക്കാത്ത അവസ്ഥയുമാണ്. ചില പമ്പുടമകൾ രണ്ട് മാസമായി ശമ്പളം നൽകിയില്ലെന്ന ആക്ഷേപവുമുണ്ട്. ഒന്നര ഡസൻ പെട്രോൾ പമ്പുകൾ മാഹിയിലുണ്ട്.