കണ്ണൂർ: വിദ്യാർത്ഥികൾക്ക് ഓൺ ലൈൻ ക്ലാസ് ആരംഭിച്ചതോടെ സ്മാർട്ട് ഫോണുകൾക്ക് വൻ ഡിമാന്റ്. മൊബൈൽ കടകളിലെല്ലാം വലിയ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്. എന്നാൽ അത്യാവശ്യത്തിന് ഉപയോഗിക്കാവുന്ന വില കുറഞ്ഞ സ്മാർട്ട് ഫോണുകൾ വിപണിയിൽ സ്റ്റോക്കില്ലാത്തത് സാധരണക്കാരായ രക്ഷിതാക്കളെ വലയ്ക്കുകയാണ്.

പതിനായിരം രൂപയിൽ താഴെയുള്ള ഫോണുകൾ ചുരുക്കം ചില കടകളിൽ മാത്രമാണ് സ്റ്റോക്കുള്ളത്. പുതിയ സ്റ്റോക്കുകൾ ഇനി എന്ന് വരുമെന്നതിനെ കുറിച്ച് വിൽപ്പനക്കാർക്കും കൃത്യമായി പറയാൻ സാധിക്കാത്ത അവസ്ഥയാണ്. ലോക്ക് ഡൗണിനെ തുടർന്ന് മിക്ക കമ്പനികളും നിർമ്മാണം താൽക്കാലികമായി നിർത്തിയിരുന്നു. ഇതിൽ പല കമ്പനികളും നിർമ്മാണം തുടങ്ങി വരുന്നതേ ഉള്ളു.

വിവൊ തുടങ്ങി ചുരുക്കം ചില ഫോണുകൾ മാത്രമേ പതിനായിരം രൂപയ്ക്ക് ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്നുള്ളൂ. പിന്നെയുള്ളത് 15000 നും 20,000 മുകളിൽ വില വരുന്ന ഫോണുകളാണ്. രണ്ടുമൂന്ന് മാസമായി പണിയൊന്നുമില്ലാെതെ വരുമാനം മുടങ്ങിയ മിക്ക കുടുംബങ്ങൾക്കും ഇത്രയും തുക മുടക്കി ഫോൺ വാങ്ങിക്കുകയെന്നത് തീർത്തും ബുദ്ധിമുട്ടാണ്.

ലോക്ക് ഡൗണിൽ ഇളവ് അനുവദിച്ചതോടെ മിക്ക രക്ഷിതാക്കളും ജോലിക്ക് പോയിതുടങ്ങിയതിനാൽ മണിക്കൂറുകൾ നീളുന്ന ക്ലാസുകൾക്ക് തങ്ങളുടെ ഫോൺ കുട്ടികൾക്ക് നൽകുന്നതും അപ്രായോഗികമാണ്.

ആവശ്യക്കാർ ഏറെ,

ഫോൺ കിട്ടാനില്ല

റെഡ് മി, റിയൽ മി എന്നിവയ്ക്കെല്ലാം വലിയ ഡിമാന്റാണ് കടകളിൽ. എന്നാൽ ഇവയൊന്നും നിലവിൽ കിട്ടാനില്ല. റിയൽ മി എക്സ്ടു, പോകോ എക്സ്ടു എന്നിങ്ങനെ 20,000 നു മുകളിൽ വിലയുള്ള ഫോണുകൾ വാങ്ങാനും ആവശ്യക്കാർ ഏറെയുണ്ട്. ഇവയും കിട്ടാത്ത സ്ഥിതിയാണ്. മിക്ക ഫാേണുകൾക്കും രണ്ടായിരവും മൂവായിരവും അധികം ഈടാക്കുന്നുമുണ്ട്. സാംസഗ്, ഒപ്പൊ എന്നിവയുടെയും വിലകൂടിയ ഇനങ്ങൾ മാത്രമാണ് സ്റ്റോക്ക് ഉള്ളത്. ഓൺലൈനിലും ചുരുക്കം ചില ഫോണുകൾ മാത്രമേ കിട്ടാനുള്ളൂ.

മൊബൈൽ ഫോണിന്ആവശ്യക്കാർ നിരവധിയുണ്ട്. എന്നാൽ ആവശ്യത്തിന് സ്റ്റോക്കില്ല. ഓൺലൈൻ ക്ലാസ് മുൻനിർത്തി വിലകുറഞ്ഞ ഫോണുകൾക്ക് ധാരാളം പേർ വരുന്നുണ്ട് . എന്നാൽ 10,000 നു മുകളിൽ വില വരുന്ന ഫോണുകൾ മാത്രമാണിപ്പോൾ സ്റ്റോക്കുള്ളത്

കെ.കെ.ടി. അബ്ദുൾ മജീദ്,

യു. ഫോൺ തളിപ്പറമ്പ