south-africa

ജൊഹന്നാസ്ബർഗ്: വികസിത രാജ്യങ്ങളെ പോലും സാമ്പത്തിക പ്രതിസന്ധിയിലാക്കിയ കൊവിഡ് 19 കാലത്ത് ദക്ഷിണാഫ്രിക്ക ലോക്ക് ഡൗണിൽ ഇളവ് വരുത്തുന്നു. വ്യാവസായിക രംഗത്തടക്കം ഉണ്ടാക്കിയ സ്തംഭനം വൻ സാമ്പത്തിക തിരിച്ചടിയുണ്ടാക്കുന്നതാണ് തീരുമാനത്തിന് കാരണം. ഖനികൾ, ഫാക്ടറികൾ എന്നിവയെല്ലാം ഇനി ഒരു നിയന്ത്രണങ്ങളും ഇല്ലാതെ പൂർണ്ണമായി പ്രവർത്തിപ്പിക്കാനാണ് സർക്കാർ അനുമതി നൽകിയത്. ഇതോടെ ജനങ്ങൾക്ക് സാമ്പത്തിക സഹായം നൽകാനുള്ള വരുമാനം കണ്ടെത്താൻ സർക്കാരിന് സാധിക്കും.

രണ്ടുമാസത്തിനിടെ ഉണ്ടായ വരുമാന നഷ്ടം തിരികെ പിടിക്കാൻ ഏറെ കാലത്തെ കാത്തിരിപ്പ് വേണ്ടി വരുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. വൻതോതിൽ തൊഴിൽ നഷ്ടം ഉണ്ടായത് ജനങ്ങളുടെ ജീവിത നിലവാരത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. ഇതോടൊപ്പം തൊഴിൽ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ഷോപ്പിംഗ് മാളുകൾ എന്നിവയെല്ലാം പ്രവർത്തിക്കും. ജനങ്ങൾക്ക് ഇവിടെ സ്വാതന്ത്രത്തോടെ വരാമെന്നും മാസ്ക് അടക്കമുള്ള സുരക്ഷാ സാമഗ്രികൾ ഉപയോഗിച്ചാൽ മതിയാകുമെന്നാണ് നിർദ്ദേശം.

ദക്ഷിണാഫ്രിക്കയിൽ 32,683പേർക്ക് രോഗം ബാധിച്ചപ്പോൾ 700പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. അതേസമയം ആഫ്രിക്കൻ വൻകരയിൽ മൊത്തത്തിൽ വിലയിരുത്തിയാൽ ഇന്ത്യയ്ക്ക് സമാനമായ സ്ഥിതിയേ ഉള്ളൂ. ആകെ 146,794പേർക്ക്‌ രോഗം സ്ഥിരീകരിച്ചപ്പോൾ 4,223പേർ മരിച്ചു. 61,773പേർ രോഗമുക്തരായിരുന്നു. അതേസമയം അമേരിക്കയടക്കമുള്ള സമ്പന്ന രാഷ്ട്രങ്ങളിൽ ലക്ഷക്കണക്കിനാളുകളുടെ ജീവനെടുത്ത കൊവിഡ് ഇവിടെ അത്രത്തോളം അപകടകരമായില്ല. ഇതിന്റെ ആശ്വാസവും ജനങ്ങൾക്കുണ്ട്.