shajahan

ആഗ്ര: പ്രണയത്തിന്റെ പ്രതീകവും ലോകാത്ഭുതങ്ങളിൽ ഒന്നുമായ താജ്മഹലിന് ഇടിമിന്നലിൽ കേടുപാട് സംഭവിച്ചു. ഇന്നലത്തെ ശക്തമായ മിന്നലിൽ ടിക്കറ്റ് കൗണ്ടറും മെറ്റൽ ഡിറ്റക്ടറും തകർന്നടിഞ്ഞു. മാർബിൾ തറകൾ തകർന്ന് യമുന നദിയിൽ നിന്നുള്ള പൈപ്പുകൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. സീലിംഗിലെ പാളികൾ അടർന്നുവീണ് ചുമരിനും വാതിലിനും കേടുപാട് സംഭവിച്ചു. മരങ്ങളും കടപുഴകി.

ലോക്ക് ഡൗൺ കാരണം താജ്മഹൽ അടച്ചിട്ടിരിക്കുന്നതിനാൽ ആർക്കും പരിക്കില്ല. മുഗൾ ചക്രവർത്തിയായ ഷാജഹാൻ ഭാര്യ മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ് താജ്മഹൽ. പേർഷ്യൻ, ഒട്ടോമൻ, ഇന്ത്യൻ, ഇസ്ലാമിക് വാസ്തുവിദ്യാ മാതൃകകൾ കൂടിച്ചേർത്തുണ്ടായതാണ് താജ് മഹൽ. വെണ്ണക്കല്ലിലെ നിർമ്മാണം പൂർത്തിയാകാൻ ഇരുപത്തി രണ്ട് വർഷം എടുത്തു എന്നാണ് കണക്ക്.

1983 ൽ ലോകത്തിലെ പൈതൃക സ്ഥലങ്ങളുടെ യുനെസ്‌കോയുടെ പട്ടികയിലാണ് താജ് മഹലിനെ ഉൾപെടുത്തിയത്. ഏകദേശം 1632 ൽ തുടങ്ങി 1653 ലാണ് നിർമ്മാണം തീർത്തത്. പതിനായിരക്കണക്കിന് തൊഴിലാളികളെ ഉപയോഗിച്ച് ഉസ്താദ് അഹമ്മദ് ലാഹോറിയാണ് ഇതിന്റെ നിർമ്മാണത്തിന് നേതൃത്വം നൽകിയത്.