ചെറുവത്തൂർ: അനാഥാവസ്ഥയുടെ ദുരിതകാണ്ഡത്തിൽ നിന്ന് രക്ഷനേടാനായി രാജന്റെ കൈ പിടിച്ച മൈമൂന കഷ്ടപ്പാടിന്റെ കാണാക്കയത്തിലകപ്പെട്ടത് കൊവിഡ് കാലത്തെ നൊമ്പര കാഴ്ചയായി. സങ്കടങ്ങൾ ഏറുമ്പോൾ കൂടെയുള്ള നായയോടും കോഴിയോടും പ്രാവുകളോടുമൊക്കെ പരിഭവിച്ച്, വിധിയെ പഴിച്ച് കഴിയുന്ന ഈ ദമ്പതികൾ കഴിഞ്ഞ 12 വർഷമായി ജീവിതം തള്ളിനീക്കുന്നത് പടന്നക്കാട് കാർഷിക കോളേജിന് സമീപത്തെ ദേശീയപാതയോരത്തെ പ്ലാസ്റ്റിക് ഷീറ്റിന്റെ മേൽക്കൂരക്ക് കീഴെ.
എച്ച്. ഐ.വി. രോഗം തളർത്തിയ ശരീരവുമായി കഴിയുന്ന ഇവരിൽ മൈമൂനയുടെ ഇരുകാലുകളിലും വ്രണങ്ങൾ രൂപപ്പെട്ട് വയ്യാത്ത അവസ്ഥയിലാണ്. തങ്ങളെ വൃദ്ധസദനത്തിലേക്കോ മറ്റോ മാറ്റിയാൽ വേർപിരിയേണ്ടി വരുമെന്ന ആശങ്കയാണ് ഇതുവരെ പ്രയാസങ്ങളും ദുരിതങ്ങളും പങ്കുവയ്ക്കാതിരുന്നത്.

ജോലിക്കിടെ കിണറിൽ വീണ് നട്ടെല്ലിന് ക്ഷതമേറ്റ് രാജൻ രോഗിയായതോടെ, അസുഖങ്ങൾ ഒന്നിനു പിറകെ ഒന്നായി ഇവർക്ക് കൂട്ടായി എത്തി. ഇതോടെ ജീവിതം ദുസ്സഹമായി. പ്രമേഹം, നടുവേദന, കൈകാൽ തരിപ്പ്, വ്രണം തുടങ്ങിയവയുടെ ആക്രമണം ആകെ തളർത്തി. ഇരുവർക്കും ജോലികളൊന്നും ചെയ്യാനാവാത്ത അവസ്ഥയിൽ കാരുണ്യമതികളുടെ കരുണയിലാണ് ജീവിതം മുന്നോട്ടു നീക്കുന്നത്. എന്നാൽ ലോക്ക് ഡൗൺ ആയതോടെ എല്ലാം നിലച്ച സ്ഥിതിയാണ്. കഷ്ടപ്പാടിന്റെ ഈ കാലത്ത് സുരക്ഷിതമായി കഴിയാനൊരു സംവിധാനമെങ്കിലും. അതിനായി കൈ നീട്ടുകയാണ് രാജനും മൈമൂനയും കാരുണ്യമതികൾക്ക് മുന്നിൽ.

ഫ്ലാഷ് ബാക്ക്

കായംകുളം റെയിൽവേ സ്‌റ്റേഷനിൽ ശുചിമുറി നടത്തിപ്പിനിടെയാണ് റെയിൽവേയുടെ കരാർ പണിക്ക് വന്ന പാലക്കാടുകാരി മൈമൂനയെ രാജൻ പരിചയപ്പെടുന്നതും പിന്നെ വിവാഹം കഴിക്കുന്നതും. ആദ്യ വിവാഹത്തിലുണ്ടായിരുന്ന കുട്ടിയും കുറച്ചു കാലത്തിനു ശേഷം ഭർത്താവും മരിച്ചതോടെ തീർത്തും ഒറ്റപ്പെട്ടതോടെയാണ് രാജനെ പരിചയപ്പെടുന്നതും ഒന്നിച്ചുള്ള ജീവിതം തുടങ്ങുന്നതും. ജാതിയോ, മതമോ വിലങ്ങുതടിയായില്ല. വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് കൂലിവേല ചെയ്തശേഷമാണ് പടന്നക്കാട്ടേക്ക് എത്തുന്നത്.