കണ്ണൂർ: രണ്ടു മാസത്തിലേറെ നീണ്ട ലോക്ക് ഡൗണിൽ ഇളവ് പ്രഖ്യാപിച്ചപ്പോൾ തെല്ല് ആശ്വാസമാകുമെന്ന് കരുതിയവർക്ക് തെറ്റി. നാടും നഗരവും ഒരു പോലെ വറുതിയിലായ നിലയാണ്. ജനം ചെലവ് ചുരുക്കലിലേക്ക് ഒതുങ്ങിയപ്പോൾ ആയിരങ്ങളുടെ ഉപജീവനമാണ് വഴി മുട്ടിയത്.

ലോട്ടറിതൊഴിലാളികൾ മുതൽ തെരുവു വാണിഭക്കാർ വരെ പട്ടിണിയുടെ കാണാക്കയങ്ങളിലേക്ക് നീങ്ങുകയാണ്. ഇടത്തരം, ചെറുകിട കച്ചവടക്കാർ വരുമാനമില്ലാതെ വലയുമ്പോൾ മൊത്തവ്യാപാര മേഖലയിൽ ചെറിയൊരു ആശ്വാസമുണ്ട്.

സ്വകാര്യ സ്ഥാപനങ്ങളിലും ചെറുകിട ബിസിനസും കൃഷിയുമൊക്കെയായി കഴിഞ്ഞു കൂടിയവർക്കും ദുരിതം താങ്ങാനാകുന്നില്ല. ലോക്ക്ഡൗൺ ഇളവുകളിൽ സ്ഥാപനങ്ങളും ജോലിയും ഒക്കെ തിരികെ ലഭിച്ചെങ്കിലും വരുമാനക്കുറവ് എല്ലാ മേഖലയെയും ബാധിച്ചിട്ടുണ്ട്. സർക്കാരിൽ നിന്നുള്ള യാതൊരു ആനുകൂല്യവും ലഭിക്കാത്തവരാണിവർ. ചെലവുകളേറുകയും വരുമാനം നിലയ്ക്കുകയും ചെയ്തവർ ഭാവിയെ ഓർത്ത് ആശങ്കപ്പെടുകയാണ്.

പല മേഖലയിലും തൊഴിലാളികൾക്ക് വേതനം മുടങ്ങിയിട്ട് മാസം രണ്ട് കഴിഞ്ഞു. സ്വകാര്യ ചെറുകിട വ്യാപാര സ്ഥാപനങ്ങളിലും മറ്റും ജോലിയെടുത്ത സ്ത്രീകളുൾപ്പെടെയുള്ള തൊഴിലാളികൾ ദുരിതത്തിലാണ്. ചെറുകിട പണമിടപാട് സ്ഥാപനങ്ങൾ, ചെറുകിട വ്യവസായ യൂണിറ്റുകൾ, സ്വകാര്യ ബസുകൾ, ടൂറിസ്റ്റ് ബസുകൾ, ഒരു വിഭാഗം സ്വകാര്യ സ്‌കൂളുകൾ, ലാബോറട്ടറികൾ, ഹോട്ടലുകൾ, ആശുപത്രികൾ തുടങ്ങിയ ഇടങ്ങളിലൊക്കെ ജോലിയെടുത്തവർക്ക് ശമ്പളം വെട്ടിക്കുറയ്ക്കുകയോ തടയുകയോ ചെയ്തിരിക്കുകയാണ്.


പറയാനുള്ളത് നഷ്ടക്കണക്കുകൾ മാത്രം

വ്യാപാരമേഖല, ഹോട്ടലുകൾ എന്നിവിടങ്ങളിൽ വരുമാനം പൂർണമായി നിലച്ചിരുന്നു. പ്രതിദിന വേതനക്കാർ, മറ്റു തൊഴിലാളികൾ എന്നിവർ തൊഴിൽ തിരികെ ലഭിച്ചതോടെ ജീവിതം തിരികെപിടിക്കാമെന്ന പ്രതീക്ഷയിലാണ്.

കാർഷിക മേഖലയിലെ ഇടത്തരക്കാരും ബുദ്ധിമുട്ടിലായി. ചെറുകിട റബർ കർഷകർക്ക് വരുമാനം നിലച്ചു. റബറിനു വില ഇടിഞ്ഞതു മാത്രമല്ല, വിപണി കണ്ടെത്താനുമാകാതെ വരുമാനം നിലച്ചു. വിവിധ കരാർ ജോലിയെടുത്തവർക്കും നഷ്ടത്തിന്റെ കണക്കുകളാണ് പറയാനുള്ളത്. ചെറിയ റോഡുകളുടെയും പാലങ്ങളുടെയും മറ്റും കരാറെടുത്തവരും കടുത്ത പ്രതിസന്ധിയിലാണ്. മഴയ്ക്ക് മുമ്പ് ചെയ്തു തീർക്കേണ്ട ജോലികൾ പലതും ലോക്ക് ഡൗണിനെ തുടർന്ന് പാതിവഴിയിലായിരുന്നു. എന്നാൽ ലോക്ക് ഡൗൺ ഇളവ് വന്നതോടെ ജോലി തുടങ്ങിയപ്പോൾ പലയിടത്തും മഴയുമായി. എന്തു ചെയ്യണമെന്നറിയാതെ മേലോട്ട് നോക്കി കഴിയുകയാണ്. ലോക്ക്ഡൗൺ ഇളവുകൾ കഴിയുന്നതോടെ ചെലവുകൾ വർധിക്കുന്നതും പലരെയും ആശങ്കയിലാഴ്ത്തുന്നു.

ബൈറ്റ്

ലോക് ഡൗണിൽ ഇളവ് എന്ന വാർത്ത വലിയ പ്രതീക്ഷയോടെയാണ് കേട്ടത്. എന്നാൽ പുറത്തിറങ്ങുമ്പോഴാണ് വിവരം അറിയുന്നത്.. നേരത്തെ വിറ്റിരുന്ന ടിക്കറ്റിന്റെ നാലിലൊന്നു പോലും വിൽക്കാൻ കഴിയുന്നില്ല. തങ്ങളെ പോലുള്ള ഇടത്തരം വ്യാപാരികളെയാണ് കൊവിഡ് ശരിക്കും തകർത്തത്.

ദിനേശൻ

കണ്ണൂരിലെ ഒരു ലോട്ടറി തൊഴിലാളി