കാഞ്ഞങ്ങാട്: റെയിലിനു മുകളിൽ വെക്കേണ്ട ഗർഡറുകൾ കൂടി എത്തിയതോടെ കോട്ടച്ചേരി റെയിൽവേ മേൽപ്പാല നിർമ്മാണത്തിന് വേഗതയേറി. നാട്ടുകാരുടെ നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവിലാണ് മേൽപ്പാല നിർമാണം അന്തിമഘട്ടത്തിലെത്തിയത്. പാളത്തിനു മുകളിലുള്ള പാലം നിർമ്മാണം റെയിൽവേ നേരിട്ട് നടത്തും. ഇതിനായി മേൽപ്പാലത്തിന്റെ റെയിൽപാളത്തിനു മുകളിൽ സ്ഥാപിക്കേണ്ട കോൺക്രീറ്റ് സ്റ്റീൽകോബോസിറ്റ് ഗർഡറുകൾ കഴിഞ്ഞ ദിവസമാണ് എത്തിയത്.

നാലു ലോറികളിലായി 16 ഗർഡറുകളാണ് തൃശിനാപ്പള്ളിയിൽ നിന്നും എത്തിച്ചത്. ഏതാനും ദിവസത്തിനകം തന്നെ ഇതിന്റെ നെറ്റും ബോൾട്ടും ഘടിപ്പിക്കും. ഇതിനുശേഷം ഗർഡറുകൾ തൂണിൽ കയറ്റിവെക്കും. ഇതിനുവേണ്ടി റെയിൽപാളത്തിനു മുകളിലൂടെ കടന്നു പോകുന്ന വൈദ്യുതി കമ്പികൾ താഴ്ത്തി കെട്ടേണ്ടതുണ്ട്. അപ്രതീക്ഷിത ലോക്ക് ഡൗണിനെ തുടർന്ന് നിർത്തിവച്ച കോട്ടച്ചേരി റെയിൽ മേൽപ്പാലം നിർമ്മാണം രണ്ടാഴ്ച മുൻപാണ് പുനരാരംഭിച്ചത്. അനുബന്ധ റോഡിൽ മണ്ണിട്ടുറപ്പിക്കുന്ന ജോലിയാണ് ഇപ്പോൾ നടന്നു വരുന്നത്. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ആറ് കമ്പനി ഉദ്യോഗസ്ഥരും 16 തൊഴിലാളികളുമാണ് ജോലികൾ ചെയ്തു വരുന്നത്.

നിർമ്മാണം നടക്കുന്ന സ്ഥലത്ത് മഴക്കാലത്ത് വെള്ളക്കെട്ട് പതിവാണ്. 2003 ൽ പ്രഖ്യാപിക്കപ്പെട്ട പദ്ധതിക്ക് തറക്കല്ലിടുന്നത് 2018 ഏപ്രിൽ 14 നാണ്. ഒരു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുമെന്നായിരുന്നു തറക്കല്ലിടൽ വേളയിൽ പറഞ്ഞിരുന്നത്. കൊച്ചി ആസ്ഥാനമായുള്ള കമ്പനിയാണ് നിർമ്മാണം ഏറ്റെടുത്തിട്ടുള്ളത്.