കണ്ണൂർ: ദിവസം മുഴുവൻ നിന്നാൽ നൂറു രൂപ പോലും തികച്ചുകിട്ടുന്നില്ല. എവിടെ വച്ചിരുന്നാലും ആരും തിരിഞ്ഞു നോക്കാത്ത സ്ഥിതി. നഷ്ടത്തിൽ നിന്നു നഷ്ടത്തിലേക്കാണ് ഓട്ടോറിക്ഷ തൊഴിലാളികളുടെ ജീവിതം. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിലും പുതിയ സ്റ്റാൻഡിലും രാവിലെ ക്യൂവിൽ വച്ചാൽ വൈകിട്ട് വരെ അവിടെ തന്നെ. ഒരു യാത്രക്കാരനെ കിട്ടണമെങ്കിൽ മണിക്കൂറുകളുടെ കാത്തിരിപ്പ്. ഈ രണ്ടു സ്ഥലത്തും ആളെ കിട്ടാതെ മുഷിയുമ്പോൾ കാൾടെക്സ് ഭാഗത്തേക്കൊന്നു ഓടി നോക്കാമെന്നു തോന്നും. ആ ഓട്ടം പെട്രോൾ കളയാൻ വേണ്ടി മാത്രമാകും.
ലോക്ക് ഡൗണിൽ ഇളവ് വന്നതിനു ശേഷം കാര്യങ്ങൾ മെച്ചപ്പെടുമെന്നാണ് കരുതിയിരുന്നത്. എന്നാൽ കൂടുതൽ ദുരിതങ്ങളിലേക്കാണ് ഓട്ടം. ലോക്ക് ഡൗണിൽ ഇളവുകൾ നല്കി ഓട്ടോറിക്ഷകൾക്കു സർവീസ് നടത്താൻ അനുമതി ലഭിച്ചത് ഏതാനും ദിവസം മുമ്പാണ്. ഇതിനുശേഷം നിത്യച്ചെലവിനുള്ള പണം പോലും ഓട്ടോയിൽ നിന്ന് ലഭിക്കുന്നില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്.
രണ്ടു യാത്രക്കാരെ മാത്രമേ കയറ്റാവൂ എന്ന നിർദ്ദേശവും ഓട്ടോറിക്ഷക്കാർക്ക് വിനയായിരുന്നു. ഇപ്പോൾ മൂന്നായി എണ്ണം ഉയർത്തിയിട്ടുണ്ട്. നിയന്ത്രണങ്ങൾ കാരണം പലരും ഓട്ടോറിക്ഷയിൽ കയറാൻ മടിക്കുന്നു. ആളുകൾ കൂടിയാൽ മോട്ടോർ വാഹനവകുപ്പും പൊലീസും പിഴ ഈടാക്കും.
ചെലവു ചുരുക്കി ഓട്ടം
രാവിലെ മുതൽ സ്റ്റാൻഡിലെത്തി മണിക്കൂറുകൾ കാത്തുകിടന്നശേഷമാണ് ഒരു ഓട്ടം ലഭിക്കുന്നത്. അതു ചെറിയ ദൂരത്തിലേക്കുള്ള ഓട്ടമായിരിക്കും. ഇതോടെ ചെലവു ചുരുക്കിയിരിക്കുകയാണ് ഡ്രൈവർമാർ. ഉച്ചഭക്ഷണം ഉൾപ്പെടെയുള്ളവ വീട്ടിൽ നിന്നു കൊണ്ടുവരികയാണിപ്പോൾ.
പോക്കറ്റ് കാലിയാണ്, സമയം നീട്ടണം
ലോക്ഡൗണിൽ പല ഓട്ടോറിക്ഷകളുടെയും ടെസ്റ്റ് ഉൾപ്പെടെയുള്ളവ മുടങ്ങി. ടെസ്റ്റ് പൂർത്തിയാക്കാൻ ജൂൺ 30 വരെ സമയം നൽകിയിട്ടുണ്ടെങ്കിലും പലർക്കും അതിനുള്ള പണമില്ല. സമയം നീട്ടിനൽകണമെന്നാണു തൊഴിലാളികളുടെ ആവശ്യം. രണ്ടു മാസം ഓടാതെ കിടന്ന വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്കും കടം വാങ്ങേണ്ടുന്ന സാഹചര്യവുമുണ്ട്. ലോക്ക്ഡൗൺ ദിവസ വരുമാനക്കാരെയാണ് ദുരിതത്തിലാക്കിയത്.
ബൈറ്റ്
ബസ് സർവീസുകൾ സജീവമായെങ്കിൽ മാത്രമേ ഓട്ടം ലഭിക്കുകയുള്ളൂ. ഇളവുകൾ ലഭിച്ചെങ്കിലും ജനം പുറത്തിറങ്ങാൻ മടിക്കുയാണ്. ഇറങ്ങുന്നവരാകട്ടെ സ്വകാര്യവാഹനത്തിലാണ് സഞ്ചാരം. പെട്രോൾ കാശെങ്കിലും കിട്ടാതെ എങ്ങനെ മുന്നോട്ടുപോകും.
പ്രകാശൻ, ഓട്ടോ ഡ്രൈവർ, കണ്ണൂർ