കാസർകോട്: ദിവസങ്ങളുടെ തയ്യാറെടുപ്പിനും പഠന പ്രവർത്തനങ്ങൾക്കും ശേഷം വിദ്യാഭ്യാസ വകുപ്പ് കുട്ടികൾക്കായി വിക്ടേഴ്സ് ചാനലിൽ ഓൺലൈൻ ക്ളാസ് തുടങ്ങിയെങ്കിലും പലയിടത്തും അദ്ധ്യയനത്തെ തടസപ്പെടുത്തി വൈദ്യുതി തടസം.

ഇടയ്ക്കിടെ വന്നുംപോയുമിരുന്ന വൈദ്യുതി പഠനത്തിന്റെ ഒഴുക്ക് തടസപ്പെട്ടതോടെ വിദ്യാർത്ഥികൾ തീർത്തും വിഷമിച്ചു. കഴിഞ്ഞ രാത്രിയുണ്ടായ കാറ്റും മഴയും കാരണം വൈദ്യുതി കമ്പി പൊട്ടിവീണതിനാലും മറ്റും ജില്ലയുടെ പലഭാഗങ്ങളിലും വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ളാസ് മുടങ്ങിയിട്ടുണ്ട്. കാഞ്ഞങ്ങാട്, ചെറുവത്തൂർ, ചീമേനി, പിലിക്കോട്, തൃക്കരിപ്പൂർ. നീലേശ്വരം ഭാഗങ്ങളിലെല്ലാം രാവിലെ തന്നെ കറന്റ് പോയി.

ചെറുവത്തൂർ സബ് സ്റ്റേഷനിലെ ഫീഡറിന് തകരാർ സംഭവിച്ചതിനാലാണ് സമീപ പ്രദേശങ്ങളിലെല്ലാം വൈദ്യുതി മുടങ്ങിയത്. അറ്റകുറ്റ പണി നടത്തി 11.30 മണിക്ക് ശേഷമാണ് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ സാധിച്ചത്. ഉദുമ ഭാഗത്ത് രാവിലെ 8.30 ന് ഓൺലൈൻ ക്ളാസ് തുടങ്ങിയതും വൈദ്യുതിയുടെ ഒളിച്ചുകളിയും ആരംഭിച്ചിരുന്നു. പ്ലസ്ടു ക്ളാസിലെ ജീവശാസ്ത്രം, കണക്ക് വിഷയങ്ങളുടെ ക്ളാസുകളാണ് വിദ്യാർത്ഥികൾക്ക് നഷ്ടപ്പെട്ടത്. ഇന്നലെ ഉച്ചവരെയും വൈദ്യുതി വിദ്യാർത്ഥികളെ പറ്റിച്ചുകൊണ്ടിരുന്നു. കാലവർഷം തുടങ്ങുന്നതിന് മുമ്പ് മരങ്ങളുടെ ശിഖരങ്ങളും മറ്റു തടസങ്ങളും മുറിച്ചുമാറ്റുന്നതിനായി വൈദ്യുതി വിതരണം വിച്ഛേദിച്ചു തന്നെ ജോലികൾ നടത്താറുണ്ടെങ്കിലും കാറ്റും മഴയും വന്നാൽ വൈദ്യുതി പോകുന്ന പ്രതിഭാസം മാത്രം മാറ്റമില്ലാതെ തുടരുകയാണ്.

ബൈറ്റ്
കാറ്റും മഴയും ഉണ്ടായെങ്കിലും വൈദ്യുതി വിതരണത്തിൽ ഗുരുതരമായ പ്രശ്നങ്ങൾ എവിടെയും ഉണ്ടായതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. വൈദുതി ഇല്ലാത്തതിനാൽ ഓൺലൈൻ പഠനം മുടങ്ങുന്ന സാഹചര്യം ഉണ്ടായെങ്കിൽ പരിശോധിച്ച് പരിഹരനടപടി സ്വീകരിക്കും. ലൈനുകൾ ക്ളിയർ ആക്കുന്ന ജോലികൾ രണ്ടുദിവസം മുമ്പ് തന്നെ ജീവനക്കാർ പൂർത്തിയാക്കിയിരുന്നു.

പി.സുരേന്ദ്ര, ( ഡെപ്യുട്ടി ചീഫ് എൻജിനിയർ, കെ.എസ്.ഇ.ബി കാസർകോട് സർക്കിൾ )

ബൈറ്റ്
കാലവർഷത്തിൽ കറന്റ് പോകുമെന്നതിൽ തർക്കമില്ല. മൊബൈലിലോ പുനഃസംപ്രേഷണ സമയത്തോ കാണാമെന്ന് പറയുന്നത് ശരിയല്ല. സ്ഥിരമായി മൊബൈൽ ഉപയോഗിക്കുന്നത് കുട്ടികളുടെ കാഴ്ച ശക്തിയെ ബാധിക്കാനിടയുണ്ട്. ക്ളാസുകൾ റിക്കാർഡഡ് ഫോർമാറ്റിലാക്കി എല്ലാ സ്‌കൂളുകളിലേക്കും അയച്ചു കൊടുത്താൽ വാട്സ്ആപ് ഗ്രൂപ്പുകളിലൂടെയോ ബ്ലൂടൂത്ത് സഹായത്തോടെയോ ടിവിയിലേക്ക് കൊടുത്ത് സംപ്രേഷണം ചെയ്തു കാണാനും കേൾക്കാനും കുട്ടികൾക്ക് കഴിയും.

വത്സൻ പിലിക്കോട്, (ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കുട്ടമത്ത് ചെറുവത്തൂർ)

ബൈറ്റ്
ഓൺലൈൻ പഠന ക്ളാസിന് ഇരുന്നത് വലിയ പ്രതീക്ഷയോടെയായിരുന്നു. ക്ളാസുകളെല്ലാം നല്ലതായിരുന്നു. നന്നായി മനസ്സിലായിരുന്നു. പക്ഷേ കറന്റ് ഇങ്ങനെ പറ്റിക്കുമെന്ന് കരുതിയില്ല. ക്ളാസ് തുടങ്ങിയ ഉടനെയാണ് ഇടയ്ക്കിടെ കറന്റ് പോകാൻ തുടങ്ങിയത്.

(പ്ലസ്ടു വിദ്യാർത്ഥി ഉദിനൂർ )