തളിപ്പറമ്പ്: നൂതന കാർഷികരീതിയായ അക്വാപോണിക്സിലൂടെ കൃഷിയിൽ നൂറുമേനി കൊയ്ത് റിട്ട.ഗവ. ഉദ്യോഗസ്ഥൻ. കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസ് ജീവനക്കാരനായിരുന്ന പൂമംഗലം സ്വദേശി ആർ.കെ ഗംഗാധരനാണ് വീടിനു പിറകിലെ നാല് സെന്റിൽ മത്സ്യവും വീട്ടാവശ്യത്തിനുളള പച്ചക്കറിയും കൃഷി ചെയ്ത് വിജയം കൈവരിച്ചത്.
10 മീറ്റർ നീളത്തിലും, എട്ട് മീറ്റർ വീതിയിലും 4 മീറ്റർ ആഴത്തിലുമുള്ള മൂന്ന് ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ളതുമായ സംഭരണി നിർമ്മിച്ച് അതിനോട് ചേർന്നാണ് അക്വാപോണിക്സ് യൂണിറ്റ് സ്ഥാപിച്ചത്. സംഭരണിയുടെ ശേഷി അനുസരിച്ച് 5000 മത്സ്യക്കുഞ്ഞുങ്ങളെ വരെ വളർത്താമെങ്കിലും പരീക്ഷണമെന്ന നിലയിൽ വല്ലാർപ്പാടത്തെ സെൻട്രൽ ഹാച്ചറിയിൽ നിന്നും വാങ്ങിയ 3000 കരിമീൻ ഇനത്തിൽപ്പെട്ട ഗിഫ്റ്റ് തിലോപ്പിയ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. 4 മാസം പിന്നിടുമ്പോൾ തന്നെ കിലോയ്ക്ക് 300 രൂപ നിരക്കിൽ 250 കിലോയോളം മത്സ്യം വിൽപ്പന നടത്തി. ഓട്ടോമാറ്റിക്ക് സംവിധാനം ഉപയോഗിച്ച് അരമണിക്കൂർ ഇടവിട്ട് കൃത്യമായ ഇടവേളകളിൽ മത്സ്യക്കുളത്തിൽ നിന്നും പമ്പ് ചെയ്യുന്ന വെള്ളം ശുദ്ധീകരിച്ച് വീണ്ടും കുളത്തിലെത്തും. ഈ വെള്ളത്തിലെ പോഷകഗുണങ്ങൾ വളമായി സ്വീകരിച്ച് പച്ചക്കറിയിൽ നിന്ന് മികച്ച വിളവും ലഭിക്കും.
സംഭരണിയുടെ സമീപത്ത് പ്രത്യേകം സജ്ജമാക്കിയ ഇരുപത്തിനാല് ഗ്രോ ബെഡുകളിൽ തക്കാളി, വെണ്ട, ചീര, പച്ചമുളക്, കക്കിരി, താലോരി, കുമ്പളം എന്നിവയും കൃഷി ചെയ്യുന്നു. ആറരലക്ഷം രൂപയാണ് ഇത്തരത്തിലുള്ള നൂതന സംവിധാനങ്ങൾ ഒരുക്കുന്നതിന് ഫിഷറീസ് വകുപ്പ് പറയുന്നതെങ്കിലും ജനറേറ്ററും മറ്റു സംവിധാനങ്ങളും എല്ലാം അടക്കം ഏഴര ലക്ഷം രൂപ ചിലവായതായി ഗംഗാധരൻ പറഞ്ഞു. നിലവിൽ സർക്കാർ ആനുകൂല്യങ്ങളൊന്നും. ലഭിച്ചിട്ടില്ല. അടുത്ത പ്രൊജക്ടിൽ ഇത് ഉൾപ്പെടുത്തി ആനുകൂല്യം നൽകാൻ ഫിഷറീസ് വകുപ്പ് തയ്യാറായിട്ടുണ്ട്.
.
അക്വാപോണിക്സ്
അക്വാകൾച്ചർ അഥവാ വെള്ളത്തിലെ കൃഷിയും (ജലജീവികളെ ജലസംഭരണിക്കുള്ളിൽ വളർത്തുന്ന കൃഷിരീതി). ഹൈഡ്രോപോണിക്സ് അഥവാ മണ്ണില്ലാത്ത കൃഷിയും (കൽച്ചീളുകളിലും മറ്റും പോഷകഗുണമുള്ള വെള്ളത്തിന്റെ സാന്നിധ്യത്തിൽ കൃഷി നടത്തുന്ന രീതി) സംയോജിപ്പിച്ചതാണ് അക്വാപോണിക്സ് കൃഷി നടത്തുന്നത്.
ഫോട്ടോ ....
ഗംഗാധരൻ നിർമിച്ച അക്വാപോണിക്സ്