നീലേശ്വരം: ഇന്നലെ ആരംഭിച്ച ഓൺലൈൻ ക്ലാസ് ചായ്യോത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥി ഗോകുലിന് പഠിക്കാൻ കഴിഞ്ഞില്ല. ഗോകുലിന്റെ കുടുംബം താമസിക്കുന്ന വൈദ്യുതി പോലുമില്ലാത്ത കൂരയിൽ ഹ്യുമാനിറ്റീസ് വിദ്യാർത്ഥിയായ ഗോകുലിന് ഓൺലൈൻ ക്ലാസുകൾ കാണാൻ കഴിയില്ല. സ്വന്തമായി വീടില്ലാത്ത ഇവർക്ക് ടി.വി. വാങ്ങാനുള്ള സാമ്പത്തിക ശേഷിയുമില്ല.
ആറു മാസം മുമ്പ് ഗോകുലിന്റെ അച്ഛൻ ഗോപി ഹൃദയസ്തംഭനം മൂലം മരിച്ചതോടെയാണ് കുടുംബം അനാഥമായത്. കൂലിപ്പണിയെടുത്തായിരുന്നു ഗോപി കുടുംബം പുലർത്തിയിരുന്നത്. അമ്മ വനിത കടയിൽ ജോലി ചെയ്താണ് ഇപ്പോൾ കുടുംബം പുലർത്തുന്നത്.
പഠിക്കാൻ ഏറെ ആഗ്രഹമുള്ള ഗോകുൽ ഇനി എന്ന് സ്‌കൂൾ തുറക്കുമെന്ന കാത്തിരിപ്പിലാണ്. കഴിഞ്ഞവർഷം തന്നെ അവധി ദിവസങ്ങളിൽ കൂലിവേല ചെയ്താണ് പഠനാവശ്യങ്ങൾക്കുള്ള ചിലവ് കണ്ടെത്തിയിരുന്നത്. സഹോദരങ്ങളായ ഗോപികയുടെയും രാഹുലിന്റെയും പഠനാവശ്യങ്ങൾക്കുള്ള ചിലവും ഗോകുൽ തന്നെയാണ് കണ്ടെത്തുന്നത്. ഗോപിക ആറാം ക്ലാസിലും രാഹുൽ എൽ.കെ.ജിയിലുമാണ് പഠിക്കുന്നത്.