കാഞ്ഞങ്ങാട്: ഓൺലൈൻ അദ്ധ്യയനം ആരംഭിച്ച ആദ്യദിനം തന്നെ വിദ്യാർത്ഥികൾക്ക് കല്ലുകടി. കാഞ്ഞങ്ങാട് ചെമ്മട്ടംവയൽ, പുതുവൈ തുടങ്ങിയ ഭാഗങ്ങളിലാണ് കേബിൾ തടസം മൂലം അദ്ധ്യയനം തടസപ്പെട്ടത്. ഉച്ചക്ക് ശേഷമായിരുന്നു എട്ട് ,ഒൻപത് ക്ലാസുകളിലെ കുട്ടികൾക്ക് ക്ലാസ് .
ഒമ്പതാം തരക്കാരനായ നീരജിനു തന്റെ വീട്ടിൽ കേബിൾ കണക്ഷൻ കിട്ടാതെ വന്നപ്പോൾ ചെമ്മട്ടംവയലിലെ വീട്ടിലേക്കു പോയി. അവിടെയും കേബിളുണ്ടായില്ല. ശനിയാഴ്ച പുനസംപ്രേക്ഷണമുണ്ടാകുമല്ലോയെന്ന ആശ്വാസത്തിലാണ് നീരജിന്റെ രക്ഷിതാക്കൾ. ഓൺലൈൻ ക്ളാസുകൾ എളുപ്പം മനസിലാക്കാൻ കഴിയുന്നുണ്ടെന്നാണ് സംപ്രേഷണം കൃത്യമായി ലഭിച്ച കുട്ടികളുടെ അഭിപ്രായം.