കണ്ണൂർ: ഓൺലൈൻ ക്ളാസോടെ പുതിയ അദ്ധ്യയനവർഷം തുടങ്ങിയപ്പോൾ ഈ സേവനം ലഭിക്കാതെ കണ്ണൂർ ജില്ലയിലുള്ളത് 7200 വിദ്യാർത്ഥികൾ. ടി.വിയോ ഇന്റർനെറ്റ് സൗകര്യമോ ഇല്ലാത്തവരാണിവർ.മലയോരമേഖലയിലും ആറളം ഉൾപ്പെടെയുള്ള ആദിവാസിമേഖലയിലുമാണ് ഇവരിൽ ഭൂരിഭാഗവും.
ഇവർക്ക് ഓൺലൈൻ ക്ലാസുകൾ ലഭിക്കാൻ സർവശിക്ഷാ കണ്ണൂരിന്റെ നേതൃത്വത്തിൽ നടപടി തുടങ്ങിയിട്ടുണ്ട്. ഇത്തരം പിന്നാക്കമേഖലയിൽ സർവശിക്ഷയുടെ വിദ്യാകേന്ദ്രത്തിൽ ക്ലാസ് ലഭിക്കാനുള്ള സൗകര്യമൊരുക്കുന്നുണ്ട്. വിദ്യാ വളണ്ടിയർമാർക്കാണ് ചുമതല. വായനശാലകളും ഇതിനായി പ്രയോജനപ്പെടുത്തും. തദ്ദേശസ്ഥാപനങ്ങളും ആവശ്യമായ നടപടി സ്വീകരിക്കും.
3,47,922 കുട്ടികളാണ് ജില്ലയിൽ പുതിയ അദ്ധ്യയനവർഷത്തിലേക്ക് കടന്നത്. കഴിഞ്ഞ അദ്ധ്യയനവർഷത്തെ കണക്ക് പ്രകാരമാണ് പുതിയ കണക്ക് തയ്യാറാക്കിയത്. ഒന്നുമുതൽ പ്ലസ്‌ടുവരെയുള്ള ക്ലാസിലെ കുട്ടികളുടെ എണ്ണമാണിത്. എസ്.എസ്.എൽ.സി ഫലം വരാത്തതിനാൽ പ്ലസ്‌വൺകാരുടെ എണ്ണം ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.