ആലക്കോട്: മഹാരാഷ്ട്രയിൽ നിന്നുമെത്തിയ ആലക്കോട് സ്വദേശികളിൽ ഒരാൾക്ക് കൊവിഡ് ബാധ കണ്ടെത്തിയതിനെത്തുടർന്ന് ഇവരുടെ സമ്പർക്കലിസ്റ്റ് തയ്യാറാക്കുന്നു. 29 നാണ് ഇവർ നാട്ടിൽ തിരിച്ചെത്തിയത്. കോഴിക്കോട്ട് വരെ ട്രെയിനിലെത്തിയ ഇവരിൽ ഒരാൾ വീണ് പരിക്കേറ്റതിനെത്തുടർന്ന് അവിടെ ആശുപത്രിയിൽ ചികിത്സയിലാക്കിയശേഷം ബാക്കി നാലുപേർ ബസിൽ കണ്ണൂരിലെത്തുകയും അവിടെനിന്നും ആലക്കോട് പരപ്പ വരെ ഓട്ടോറിക്ഷയിലെത്തുകയുമായിരുന്നു .

പരപ്പയിൽ പഞ്ചായത്ത് ഏർപ്പെടുത്തിയ ക്വാറന്റൈൻ കേന്ദ്രത്തിൽ നാലുപേരും നിരീക്ഷണത്തിൽ കഴിഞ്ഞു വരുന്നതിനിടെയാണ് ഇതിൽപ്പെട്ട ഒരാൾക്ക് സ്രവപരിശോധനാ ഫലം പോസിറ്റീവാകുന്നത്. ആലക്കോട് പഞ്ചായത്തിൽ ആദ്യമായാണ് കൊവിഡ് റിപ്പോർട്ടു ചെയ്യുന്നത്.ആലക്കോട് പൊലീസ്, പഞ്ചായത്ത് അധികൃതർ, ആരോഗ്യവകുപ്പ് എന്നിവരുടെ നേതൃത്വത്തിൽ ഇവരുടെ റൂട്ട് മാപ്പ് തയ്യാറാക്കി വരികയാണ്. ആലക്കോട്ടെ രണ്ട് ഓട്ടോ ഡ്രൈവർമാർ സമ്പർക്കലിസ്റ്റിൽപെട്ടതിനെത്തുടർന്ന് ആലക്കോട് ടൗണിലെ മുഴുവൻ ഓട്ടോറിക്ഷകളും 14 ദിവസത്തേയ്ക്ക് ഓടിക്കരുതെന്ന് നിർദ്ദേശിച്ചിരിക്കുകയാണ്. പരപ്പ, മുതുശ്ശേരി, അളുമ്പ് എന്നീ പ്രദേശങ്ങളിലുള്ള ആളുകളെ നിരീക്ഷണത്തിലാക്കുകയും ഇതുവഴിയുള്ള റോഡ് അടയ്ക്കുകയും ചെയ്തു. പരപ്പ ടൗണിലെ വ്യാപാരസ്ഥാപനങ്ങളും അടച്ചിരിക്കുകയാണ്.