കാസർകോട്: കൊവിഡ് മുക്തമായിരുന്ന കാസർകോട് ജില്ലയിൽ ഇപ്പോൾ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നത് ആശങ്കയാകുന്നു. പ്രവാസികളുടെയും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെയും മടങ്ങിവരവോടെയാണ് രോഗം വ്യാപിക്കുന്നത്. രോഗികളിൽ ഏറെയും റെഡ് സോണായ മഹാരാഷ്ട്രയിൽ നിന്നും എത്തിയവരാണ്. ഇവരെയെല്ലാം നിരീക്ഷണത്തിൽ ആക്കാൻ കഴിഞ്ഞതോടെ സമൂഹ്യ വ്യാപനത്തിന് തടയിടാൻ കഴിഞ്ഞെന്നതാണ് ഏക ആശ്വാസം.
ഇരുപത് ദിവസത്തിനകം രോഗികൾ വർദ്ധിച്ച് 96 ലെത്തിയിട്ടുണ്ട്. ഇന്നലെ സ്ഥിരീകരിച്ച 14 ൽ 12 പേരും മഹാരാഷ്ട്രയിൽ നിന്നും വന്നവരാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി രാംദാസ് അറിയിച്ചു. മൂന്ന് വയസുള്ള ഒരു പെൺകുട്ടിക്കും 13 പുരുഷന്മാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ രണ്ട് പേർ വിദേശത്ത് നിന്ന് വന്നവരാണ്.
മെയ് 25 ന് ബസിന് വന്ന 38 വയസുള്ള കാസർകോട് സ്വദേശി, മെയ് 20 ന് ഒരേ ബസിൽ വന്ന 44, 45 വയസുള്ള കുമ്പള സ്വദേശികൾ, മെയ് 17 ന് ബസിൽ വന്ന 36 വയസുള്ള ബദിയടുക്ക സ്വദേശി, മെയ് 26 ന് ബസിൽ വന്ന 29 വയസുള്ള ചെമ്മനാട് സ്വദേശി, മെയ് 23 ന് ബസിൽ വന്ന 39 വയസുള്ള ചെറുവത്തൂർ സ്വദേശി, മെയ് 19 ന് ബസിൽ വന്ന 54 വയസുള്ള മംഗൽപാടി സ്വദേശി, മെയ് 20 ന് ടാക്‌സി കാറിൽ വന്ന 39 വയസുള്ള മംഗൽപാടി സ്വദേശി, മെയ് 21 ന് ഒരേ ബസിൽവന്ന 49, 46, 56 വയസുകളുള്ള മീഞ്ച പഞ്ചായത്ത് സ്വദേശികൾ, ഇവർക്കൊപ്പം വന്ന 39 വയസുള്ള പൈവളിഗെ പഞ്ചായത്ത് സ്വദേശി എന്നിവരാണ് മഹാരാഷ്ട്രയിൽ നിന്നും എത്തിയവർ.
മേയ് 18 ന് ഖത്തറിൽ നിന്ന് വന്ന 36 വയസുള്ള മധുർ പഞ്ചായത്ത് സ്വദേശി, മേയ് 19 ന് ഖത്തറിൽ നിന്നും വരികയും 28 ന് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്ത കുമ്പള സ്വദേശിനിയുടെ മൂന്ന് വയസുള്ള മകൾ എന്നിവർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 3,766 പേരാണ്. 393 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. പുതിയതായി ആശുപത്രിയിലും വീടുകളിലുമായി 351 പേരെ നീരിക്ഷണത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നും കൂടുതൽ പേരുടെ പോസിറ്റീവ് റിസൾട്ട് വരാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പ് നിഗമനം.