കാസർകോട്: കൊവിഡ് സമൂഹ വ്യാപനം തടയാനുള്ള ആരോഗ്യ വകുപ്പിന്റെ സർവേ നാട്ടുകാർ തടഞ്ഞു. കുമ്പള സി.എച്ച്.സിയ്ക്ക് പകരം ജനം തിങ്ങിപ്പാർക്കുന്ന തീരദേശ മേഖലയെ സാമ്പിൾ ശേഖരണത്തിന് തിരഞ്ഞെടുത്തതാണ് നാട്ടുകാരെ പ്രകോപിതരാക്കിയത്. മെഡിക്കൽ ഓഫീസറുടെ നിർദ്ദേശ പ്രകാരം എത്തിയവരെ തടഞ്ഞ സംഭവത്തിൽ കുമ്പള പൊലീസ് കേസെടുത്തിട്ടുണ്ട്.
വിദേശത്ത് നിന്നെത്തിയ എട്ടു പേരുടെയും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ എട്ടു പേരുടെയും സാമ്പിൾ ശേഖരിക്കാനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചിരുന്നത്. എതിർപ്പിനെ തുടർന്ന് പതിനൊന്ന് പേരുടെ സാമ്പിളേ ശേഖരിക്കാനായുള്ളൂ. സാമ്പിൾ ശേഖരിക്കാൻ പ്രത്യേകം സ്ഥലം ഏർപ്പെടുത്തണമെന്ന് ഡി.എം.ഒ നിർദേശിച്ചിരുന്നു. എന്നാൽ മെഡിക്കൽ ഓഫീസർ ഇക്കാര്യം നടപ്പിലാക്കിയില്ലെന്നാണ് ആക്ഷേപം.
ഹെൽത്ത് ഇൻസ്പെക്ടർ ചന്ദ്രന്റെ നേതൃത്വത്തിൽ സി.എച്ച്.സിയിലെ ഒ.പി കൗണ്ടറിനോട് ചേർന്നുള്ള മുറിയിൽ സാമ്പിൾ എടുക്കാൻ തീരുമാനിച്ചിരുന്നു. അതിനിടെ മെഡിക്കൽ ഓഫീസർ തീരദേശത്തെ വായനശാലയോട് ചേർന്ന പഞ്ചായത്തിന്റെ അധീനതയിലുള്ള കെട്ടിടം കണ്ടെത്തി അറിയിപ്പു നൽകി. സാമ്പിൾ ശേഖരണത്തിന് രണ്ടു സ്ഥലങ്ങൾ ഉണ്ടായതോടെ ആശയക്കുഴപ്പമായി. ഇതിനിടെയാണ് നാട്ടുകാർ എതിർപ്പുമായി രംഗത്തുവന്നത്. പത്രം വായിക്കാൻ ആളെത്തുന്ന സ്ഥലം സാമ്പിൾ എടുക്കാൻ തിരഞ്ഞെടുത്തത് ശരിയായില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ബഹളം കൂടിയതോടെ സാമ്പിൾ എടുക്കുന്നത് നിർത്തിവച്ചു.