-dhanya-raman

മലപ്പുറം: ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാതെ മലപ്പുറം വളാഞ്ചേരി ഇരിമ്പിളിയത്തെ പതിനാല് വയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പട്ടിക ജാതി വികസന വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി ദളിത് ആക്ടിവിറ്റ് ധന്യ രാമൻ രംഗത്ത്. ഓൺലൈൻ പഠനം ആരംഭിക്കുമെന്ന് ഉറപ്പായിട്ടും പിന്നാക്ക വിഭാഗ കുട്ടികൾക്ക് പഠിക്കാനുള്ള അടിസ്ഥാന സൗകര്യം ഒരുക്കാത്തതാണ് ഇത്തരം മരണങ്ങൾക്ക് കാരണമെന്ന് അവർ കേരളകൗമുദി ഓൺലൈനോട് പറഞ്ഞു.

സർക്കാർ ലൈഫ് പദ്ധതി നടപ്പാക്കുന്നെന്ന് പറയുമ്പോഴും കക്കൂസും വൈദ്യുതിയുമില്ലാത്ത വീടുകളാണ് കോളനികളിൽ. ഇവിടുത്തെ കുട്ടികൾ പൊതുവേ കടുത്ത വിഷാദത്തിലാണ്. പഠിച്ച് ജോലി നേടുക മാത്രമാണ് ഇവർക്ക് സാമൂഹികവും സാമ്പത്തികവുമായി വളരാനുള്ള ഏക ആശ്രയം. എന്നാൽ കോടികൾ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർ ഇവരുടെ കാര്യത്തിൽ ജാഗ്രത പാലിക്കുന്നില്ല. ഓൺലൈൻ പഠനം തുടങ്ങുമെന്നിരിക്കെ പ്രശ്നങ്ങൾ ഒരാഴ്ച കൊണ്ട് പരിഹരിച്ച് തരാമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിൽ ഇങ്ങനൊരു ദാരുണ സംഭവം ഉണ്ടാകുമായിരുന്നില്ല.

കേരളത്തിൽ 95000 ആദിവാസി കുട്ടികളാണ് പഠിക്കുന്നത്. ഇവരിൽ ഭൂരിഭാഗത്തിന്റെ അവസ്ഥയും സമാനമാണ്. ആദിവാസി വിഭാഗങ്ങളുമായി ബന്ധപ്പെട്ട ഫെസിലിറ്റേറ്റർ, പ്രൊമോട്ടർമാർ എന്നിവരുടെ സഹായത്തോടെ കോളനിയിലെത്തി പഠിപ്പിക്കാൻ തയ്യാറാകണം. ഇത്തരം മേഖലയിലെ കുട്ടികളെ മാനസികമായി പിന്തുണക്കാനോ ഉൾക്കൊള്ളാനോ കേരളീയ സമൂഹവും തയ്യാറായിട്ടില്ലെന്നത് സങ്കടകരമാണെന്നും ധന്യ രാമൻ പറഞ്ഞു.

ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥിനിയാണ് ആത്മഹത്യ ചെയ്ത ദേവിക. സ്മാർട്ട്ഫോണും ടിവിയും ഇല്ലാതിരുന്നതിനാൽ വിദ്യാർഥിനിക്ക് ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാനായിരുന്നില്ല. ഇതാണ് മരണ കാരണമെന്ന് മാതാപിതാക്കൾ പറഞ്ഞിരുന്നു. പുളിയാപ്പറ്റക്കുഴിയിൽ കുളത്തിങ്ങൽ വീട്ടിൽ ബാലകൃഷ്ണന്റെയും ഷീബയുടെയും മകളാണ് കുട്ടി.

ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് സമീപത്തെ വീട്ടിന്റെ മുറ്രത്ത് മൃതദേഹം കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തിയത്. ജില്ലാ പോലീസ് മേധാവി യു. അബ്ദുൾകരീം, തിരൂർ ഡിവൈ.എസ്.പി കെ.എ. സുരേഷ്ബാബു എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. മൃതദേഹം പരിശോധനയ്ക്കു ശേഷം മേൽനടപടികൾക്കായി മഞ്ചേരി മെഡിക്കൽകോളേജിലേക്ക് കൊണ്ടുപോയി. ദേവനന്ദ, ദീക്ഷിത്, ഏഴുമാസം പ്രായമായ ആൺകുട്ടി എന്നിവർ സഹോദരങ്ങളാണ്.