ആറളം( കണ്ണൂർ): ഒരു കാലത്ത് കൊലുസും ചാർത്തി കുണുങ്ങി ചിരിച്ച് ഒഴുകിയിരുന്ന കുണ്ടൂർ പുഴ അയ്യൻകുന്ന് നാടിന്റെ അഭിമാനമായിരുന്നു. പ്രകൃതിയെ കച്ചവടചരക്കായി മാത്രം കാണുന്ന ഒരു കൂട്ടരുടെ കൈയേറ്റത്തെ തുടർന്ന് മഴക്കാലമെത്തിയാൽ ഗതിമാറി പുഴയോരനിവാസികളുടെ ജീവിതത്തിന് മുകളിലൂടെ അപകടം വിതച്ച് ഒഴുകുകയാണ് ഇപ്പോൾ കുണ്ടൂർ പുഴ.
26 മീറ്ററോളം വീതിയുണ്ടായിരുന്നതാണ് ഈ കൊച്ചുപുഴ. ഇപ്പോൾ ആനപ്പന്തി മുണ്ടയാം പറമ്പ് മേഖലയിൽ വീതി വെറും ആറ് മീറ്റർ മാത്രം. വീതി ഇത്രയും ചുരുങ്ങിയതോടെ മലവെള്ളത്തെ ഉൾക്കൊള്ളാൻ പുഴയ്ക്ക് കഴിയാതെ വരുന്നു.അപ്പോൾ സമീപവാസികളുടെ പറമ്പിലൂടെ പുഴ ഒഴുകും. ജീവിത സമ്പാദ്യങ്ങളുമായി പുഴ കുത്തിയൊഴുകുമ്പോൾ നിസ്സഹായരായി നോക്കിനിൽക്കുകയാണ് ഇവിടത്തുകാർ. സ്വകാര്യ വ്യക്തികളുടെ കൈയേറ്റം അധികൃതർ കൈയും കെട്ടി നോക്കിനിന്നതിന്റ ഫലം
പകുതിയും നികത്തി
പുഴയുടെ പകുതിയിലധികം ഭാഗം മണ്ണിട്ട് ഉയർത്തിയ നിലയിലാണ്. ഇതിനു മുകളിൽ തീറ്റപ്പുൽ കൃഷിയാണ്. വർഷകാലം തൊട്ട് മാസങ്ങളോളം ഈ ഭാഗത്ത് പുഴ കരകവിഞ്ഞൊഴുകും. പുഴയുടെ പാർശ്വഭിത്തി തകർന്നതും പ്രശ്‌നം രൂക്ഷമാക്കുന്നു. കാലവർഷം തുടങ്ങിയാൽ പുഴയോരത്തുള്ളവർ ഭീതിയോടെയാണ് കഴിയുന്നത്. പഞ്ചായത്തോ, ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ വേണ്ട നടപടികൾ സ്വീകരിച്ച് പുഴയുടെ ഒഴുക്ക് സുഗമമാക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
പ്രകൃതിയെ വെല്ലുവിളിക്കുന്ന ഒരു സംഘം ഈ നാട്ടിൽ ശക്തിയാർജിച്ചു വരികയാണ്. ഇവരെ നിലക്ക് നിറുത്തിയാൽ മാത്രമെ നാടിന് രക്ഷയുള്ളൂ-കെ. സുരേന്ദ്രൻ,നാട്ടുകാരൻ
അന്ന് 26 മീറ്റർ
ഇന്ന് 6 മീറ്റർ