ചെറുവത്തൂർ: മുംബയിൽ നിന്നും നാട്ടിലെത്തിയ 39കാരന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മടക്കരയും പരിസരങ്ങളും കണ്ടെയ്ൻമെന്റ് ഏരിയയായി പ്രഖ്യാപിച്ചു. പ്രദേശത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. തുരുത്തിയും പരിസരങ്ങളിലുള്ള എല്ലാ റോഡുകളും അടച്ചു. കഴിഞ്ഞ മാസം 23 നാണ് ചെറുവത്തൂർ പഞ്ചായത്തിലെ പതിനാറാം വാർഡ് തുരുത്തിയിൽ മുംബയിൽ നിന്നുള്ള ഒരാൾ ബസിലെത്തിയത്. ഇയാളെ ഹോം ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു.ക ഴിഞ്ഞ ദിവസമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
നീലേശ്വരത്തു നിന്നും കോട്ടപ്പുറം പാലം വഴിയാത്ര ചെയ്യുന്നവർ കർശന നിയന്ത്രണങ്ങൾക്ക് വിധേയമായിരിക്കും. തുരുത്തി വഴിയുള്ള റോഡുഗതാഗതം പൂർണ്ണമായും നിരോധിച്ചു. പകരം കോട്ടപ്പുറം പാലം വഴിയെത്തുന്ന വാഹനങ്ങൾ എരിഞ്ഞിക്കീൽ, കിഴക്കെ മുറി, കാരിയിൽ ആശുപത്രി, കണ്ണങ്കൈ വഴി ചെറുവത്തൂരിലും മടക്കരയിലും എത്തണം. റോഡുകളിലൂടെയുള്ള ഇറങ്ങി നടത്തം അനുവദിക്കുന്നതല്ല. അവശ്യസാധനങ്ങൾ വിൽപ്പന നടത്തുന്ന വ്യാപാര സ്ഥാപനങ്ങൾ പഞ്ചായത്തിന്റെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ വ്യാപാരം നടത്താൻ പാടുള്ളൂ.
ചെറുവത്തൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി. പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, വാർഡ് മെമ്പർ നഫീസത്ത് നാസർ, ചന്തേര എസ്.ഐ മെൽവിൻ ജോസ്, എച്ച്.ഐ അജിത്കുമാർ തുടങ്ങിയവർ പങ്കെടുത്തു.