കണ്ണൂർ: കൊവിഡ് വ്യാപന ഭീതിയുടെ പശ്ചാത്തലത്തിൽ ഓൺലൈനായി സ്‌കൂൾ ക്ലാസുകൾ ആരംഭിച്ച സാഹചര്യത്തിൽ മുഴുവൻ സ്‌കൂൾ വിദ്യാർത്ഥികൾക്കും ആവശ്യമായ പഠനസൗകര്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജില്ലയിൽ ആരംഭിച്ച ഇ ക്ലാസ് ചാലഞ്ചിന് മികച്ച പ്രതികരണം. ഓൺലൈൻ ക്ലാസുകൾ ലഭ്യമാവുന്ന സ്മാർട്ട്‌ഫോൺ, കംപ്യൂട്ടർ, ടിവി തുടങ്ങിയ സൗകര്യങ്ങളില്ലാത്ത ജില്ലയിലെ കുട്ടികൾക്കായി 330ലേറെ സ്മാർട്ട് ടിവി സെറ്റുകൾ, 10 ടാബ്ലെറ്റുകൾ എന്നിവയാണ് ആദ്യ ദിവസം വാഗ്ദാനം ചെയ്യപ്പെട്ടത്.
ഇതിൽ എസ്.എഫ്.ഐ ആദ്യഘട്ടത്തിൽ 300ഉം കണ്ണൂർ എൻജിനിയറിംഗ് കോളേജ് പൂർവവിദ്യാർത്ഥി കൂട്ടായ്മ 30ഉം ടിവികളും കണ്ണൂർ ചേകവർ ചാരിറ്റബിൾ ട്രസ്റ്റ് 10 ടാബുകളുമാണ് വാഗ്ദാനം ചെയ്തത്. എസ്.എഫ്.ഐ നൽകുന്ന 300 ടിവികളിൽ 100 എണ്ണം വിതരണത്തിന് തയ്യാറായി. ഇതിൽ ആദ്യത്തെ ടിവി സെറ്റ് ഭാരവാഹികളിൽ നിന്ന് സിമതി ചെയർമാൻ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ഏറ്റുവാങ്ങി. സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.പി അൻവീർ, ജില്ലാ സെക്രട്ടറി ഷിബിൻ കാനായി, പ്രസിഡന്റ് സി.പി ഷിജു എന്നിവർ ചേർന്നാണ് നൽകിയത്.
ലെൻസ് ഫെഡ് മട്ടന്നൂർ യൂനിറ്റ് നൽകിയ സ്മാർട്ട് ടിവി സി.കെ പ്രശാന്ത് കുമാർ, സി. ഉമേഷ്, കെ.സി മനോജ്, ആർ കമലേഷ് എന്നിവർ ചേർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി. കണ്ണൂർ ചേകവർ ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന 10 ടാബുകൾ ആറളം ഫാം ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഇന്ന് കൈമാറും.