കൂത്തുപറമ്പ്: അനധികൃത പാർക്കിംഗിനെതിരെ നടപടി ശക്തമാക്കി കൂത്തുപറമ്പ് പൊലീസ്. നിയമംലംഘിച്ച് പാർക്ക് ചെയ്ത നിരവധി വാഹനങ്ങൾ കൂത്തുപറമ്പ് എസ്.ഐ. പി. ബിജുവിന്റെ നേതൃത്വത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ നൽകിയതോടെ നിരവധി വാഹനങ്ങളാണ് ഇന്നലെ രാവിലെ മുതൽ കൂത്തുപറമ്പ് ടൗണിലെത്തിച്ചേർന്നത്.
പതിവിൽ കൂടുതൽ വാഹനങ്ങൾ എത്തിയതോടെ കനത്ത ഗതാഗതക്കുരുക്കിലമരുകയായിരുന്നു ടൗൺ.
നോ പാർക്കിംഗ് ഏരിയകളിലടക്കം വാഹനങ്ങൾ പാർക്ക് ചെയ്തതും ഗതാഗതക്കുരുക്കിനിടയാക്കി. പാലത്തുംങ്കര മുതൽ നഗരസഭാ ഓഫീസ് വരെയുള്ള ഭാഗത്തായിരുന്നു ഗതാഗതക്കുരുക്ക് രൂക്ഷം. അതോടൊപ്പം കണ്ണൂർ റോഡിൽ കണ്ണാശുപത്രി വരെയുള്ള ഭാഗങ്ങളിലും വാഹനക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ശക്തമായ നടപടികളുമായി കൂത്തുപറമ്പ് പൊലീസ് രംഗത്ത് എത്തുകയായിരുന്നു.
വാഹനങ്ങളിൽ സ്റ്റിക്കർ പതിച്ചതോടൊപ്പം ഏതാനും വാഹനങ്ങൾ റിക്കവറി വാൻ ഉപയോഗിച്ച് പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തിട്ടുണ്ട്. ട്രാഫിക്ക് നിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടി ശക്തമാക്കുമെന്ന് കൂത്തുപറമ്പ് എസ്.ഐ. പി.ബിജു പറഞ്ഞു. കൂടുതൽ സ്വകാര്യ ബസുകൾ കൂടി നിരത്തിലിറങ്ങുന്നതോടെ ഗതാഗതക്കുരുക്ക് ഇനിയും വർദ്ധിക്കാനാണ് സാദ്ധ്യത.