കണ്ണൂർ: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലയിൽ വിതരണം ചെയ്യുന്നത് 9. 21 ലക്ഷം ഫലവൃക്ഷ തൈകൾ. ഒന്നാം ഘട്ടത്തിന്റെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് കുറ്റിയാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ. പത്മനാഭന് വൃക്ഷ തൈ നൽകി നിർവ്വഹിച്ചു. കൃഷി വകുപ്പിന്റെ അഞ്ച് ഫാമുകളിൽ നിന്നായി ഉൽപാദിപ്പിച്ച തൈകളാണ് ആദ്യ ഘട്ടത്തിൽ നൽകിയത്. ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലേക്കും തൈകൾ നൽകി കർഷകരിലേക്കെത്തിക്കാനാണ് പദ്ധതി. വിവിധയിനം മാവ്, പ്ലാവ്, വാഴക്കന്ന്, മാങ്കോസ്റ്റിൻ, റംബൂട്ടാൻ, സപ്പോട്ട, പാഷൻ ഫ്രൂട്ട്, ആത്ത, കുടംപുളി, കറിവേപ്പ് തുടങ്ങിയ തൈകളാണ് വിതരണം ചെയ്യുന്നത്.
ഒന്നാം ഘട്ടത്തിൽ ഫാമുകൾ, വി എഫ് പി സി കെ, തൊഴിലുറപ്പ് പദ്ധതി എന്നിവ വഴിയാണ് തൈകൾ ഉൽപാദിപ്പിച്ചത്. തിരുവാതിര ഞാറ്റുവേലയ്ക്കാണ് തൈകളുടെ രണ്ടാം ഘട്ട വിതരണം നടത്തുന്നത്. കുടുംബശ്രീയും അഗ്രോ സർവ്വീസ് സെന്ററും, വനം വകുപ്പും ഇതിന്റെ ഭാഗമാകുന്നുണ്ട്.