കണ്ണൂർ അഞ്ചാം ക്ലാസ്സുകാരൻ തങ്കപാണ്ടിക്ക് സ്‌കൂളിലെ ക്ലാസ്സിനേക്കാൾ ഇഷ്ടമായത് ഓൺലൈൻ ക്ലാസാണ്. സ്‌കൂളിൽ പോകാനുള്ള മടി കൊണ്ടല്ല, ടിവിയിലെ ക്ലാസ്സിൽ കുറേ വീഡിയോകളും ചിത്രങ്ങളും കാണാം. ചിത്രങ്ങളിലൂടെ എല്ലാം പെട്ടെന്ന് മനസ്സിലാകുന്നുണ്ടെന്ന് ഏഴാം ക്ലാസുകാരിയായ ചേച്ചി നാഗമ്മയും അഭിപ്രായപ്പെടുന്നു. എന്നാൽ സ്‌കൂളിലാകുമ്പോൾ മനസിലാകാത്ത കാര്യങ്ങൾ ടീച്ചറോട് അപ്പോൾ തന്നെ ചോദിക്കാമെന്ന് നാഗമ്മ പറയുന്നു.
കുട്ടികൾക്കായി ആരംഭിച്ച ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസ്സിന്റെ ഭാഗമാകാനാണ് അമ്മ സാറാമേരിയുടെയും നാഗമ്മയുടെയും കൂടെ തങ്കപാണ്ടി ലൈബ്രറി കൗൺസിൽ ഓഫീസിൽ എത്തിയത്.രണ്ട് മണിക്ക് ആരംഭിക്കുന്ന ക്ലാസ്സിനായി മണിക്കൂറുകൾക്ക് മുമ്പേ തന്നെ എത്തിച്ചേർന്ന തങ്കപാണ്ടിയും നാഗമ്മയും സ്‌കൂൾ തുറന്ന ആദ്യ ദിവസത്തെ ആവേശത്തോടെ തന്നെയാണ് തന്റെ ക്ലാസ്സിനായി കാത്തിരുന്നതും. പ്രിയപ്പെട്ട ടീച്ചർമാരും കൂട്ടുകാരും ഒന്നും കൂടെയില്ലെങ്കിലും ചേച്ചിയോടൊപ്പം ക്ലാസ്സിൽ ഇരിക്കാനായതിന്റെ ഉത്സാഹത്തിലായിരുന്നു തങ്കപാണ്ടി.
ആദ്യ ദിവസം തന്നെ സസ്യലോകത്തെക്കുറിച്ച് വ്യത്യസ്തമായൊരു ക്ലാസ്സ് ലഭിച്ചതിന്റെ സന്തോഷവും ഇവർക്കുണ്ട്. പഠനത്തിൽ മിടുക്കരായ ഇരുവർക്കും വീട്ടിൽ ഓൺലൈൻ സംവിധാനമില്ലാത്തതിനാൽ ജില്ലാ ലൈബ്രറി കൗൺസിൽ ഓഫീസിലെ ടെലിവിഷനാണ് ആശ്രയമായത്.
പടന്നപ്പാലത്ത് താമസിക്കുന്ന കൂലിപ്പണിക്കാരായ സാറാമേരിയുടെയും നാഗേന്ദ്രന്റെയും മക്കളാണ് നാഗമ്മയും, തങ്കപാണ്ടിയും. തമിഴ്നാട് സ്വദേശികളായ ഇവർ 28 വർഷമായി കണ്ണൂരിൽ താമസമാക്കിയിട്ട്.
ദേവത്താർകണ്ടി യുപി സ്‌കൂളിൽ പഠിക്കുന്ന ഈ മിടുക്കർക്ക് വീട്ടിൽ ടെലിവിഷൻ സൗകര്യമുണ്ടെങ്കിലും ഓൺലൈൻ ക്ലാസ്സുകൾ ലഭിക്കുന്നതിനുള്ള മറ്റ് സംവിധാനങ്ങൾ ഇല്ല. ഇതേ തുടർന്ന് സ്‌കൂൾ അധികൃതരുടെ നിർദേശ പ്രകാരമാണ് ജില്ലാ ലൈബ്രറി കൗൺസിലിൽ ഇവർക്ക് സൗകര്യമൊരുക്കിയത്.
ഓൺലൈൻ ക്ലാസ്സിനായി ലൈബ്രറി കൗൺസിലിൽ എത്തിച്ചേരുകയെന്നത് എളുപ്പമായിരുന്നില്ല. യാത്ര ചിലവിനായുള്ള പണം കടം വാങ്ങുകയായിരുന്നു. എട്ടാം തരത്തിൽ പഠിക്കുന്ന ചേച്ചി സുർളിയമ്മാളിനും നാലാം തരത്തിൽ പഠിക്കുന്ന അനുജൻ ശിവയ്ക്കും ഓൺലൈൻ ക്ലാസിൽ ഇരിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും യാത്രാചെലവ് തടസ്സമായി. അതിനാൽ തന്നെ ഇനി തുടർന്നുള്ള ക്ലാസുകളിൽ എത്തിച്ചേരാൻ സാധിക്കുമോ എന്നുള്ളത് അറിയില്ലെന്നും സാറാമേരി പറഞ്ഞു. കൂലിപ്പണിക്കാരായ ഇവർക്ക് ലോക്ക് ഡൗൺ കാരണം മാസങ്ങളായി ജോലിക്ക് പോകാൻ സാധിച്ചിട്ടില്ല. വീട്ടിൽ തന്നെ പഠിക്കാനുള്ള സൗകര്യം കിട്ടിയിരുന്നെങ്കിൽ എന്ന് ആശിക്കുകയാണ് ഇവർ.