ആലക്കോട്: നാലുവർഷം മുമ്പ് മെക്കാഡം ടാറിംഗ് നടത്തുന്നതിന് ടെൻഡർ നൽകിയ കരുവൻചാൽ -വെള്ളാട് റോഡ് ചെളിക്കുളമായിരിക്കുന്നു. പൊതുമരാമത്ത് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് റോഡ് മെക്കാഡം ടാറിംഗ് നടത്താൻ ആരംഭിച്ചെങ്കിലും ഒരു വിഭാഗം നാട്ടുകാർ എതിർപ്പുമായി വന്നതോടെയാണ് പ്രവൃത്തി നീണ്ടത്.
കരുവൻചാൽ ടൗൺ മുതൽ വെള്ളാട് പള്ളിക്കവല വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിൽ റോഡിന് ആവശ്യമായ സ്ഥലം വിട്ടുനൽകാൻ സ്ഥലം ഉടമകൾ തയ്യാറാകാതിരുന്നതിനെത്തുടർന്ന് കരാറുകാരൻ തർക്കപ്രദേശം ഒഴിവാക്കി ബാക്കി ഭാഗത്ത് പണി പൂർത്തിയാക്കുകയായിരുന്നു. പഞ്ചായത്ത് അധികൃതരും രാഷ്ട്രീയ പാർട്ടി നേതാക്കളും നിരവധി തവണ സ്ഥലം ഉടമകളുമായി ചർച്ചകൾ നടത്തുകയുണ്ടായെങ്കിലും പ്രശ്‌നപരിഹാരം ഉണ്ടായിട്ടില്ല. പാത്തൻപാറ, ആശാൻകവല, തുരുമ്പി, മാവുംചാൽ, പാലക്കയംതട്ട് ടൂറിസ്റ്റ് കേന്ദ്രം, വൈതൽമല ടൂറിസ്റ്റ് കേന്ദ്രം എന്നിവിടങ്ങളിലേയ്ക്ക് ഇതുവഴിയാണ് കടന്നുപോകേണ്ടത്.
ആറ് സ്‌കൂളുകൾ, ആശുപത്രികൾ, ദേവാലയങ്ങൾ, ആദിവാസി കോളനികൾ എന്നിവിടങ്ങളിലേയ്ക്കും എത്തിപ്പെടാനുള്ള വഴിയാണ് ഏതാനും ആളുകളുടെ പിടിവാശി മൂലം അടഞ്ഞിരിക്കുന്നതെന്ന പരാതിയുണ്ട്. മഴക്കാലമായതോടെ ഇതുവഴിയുള്ള വാഹനയാത്രയും കാൽനടയാത്രയും ഒരുപോലെ അസാദ്ധ്യമായിരിക്കുകയാണ്.
ബൈറ്റ്
എന്തിനും സമരവും പ്രതികരണങ്ങളുമായി രംഗത്തുവരാറുള്ള രാഷ്ട്രീയ പാർട്ടികളും സംഘടനകളുമൊക്കെ ഇപ്പോൾ നിശബ്ദമായിരിക്കുകയാണ്. നാടിന്റെ വികസനം മുടക്കുന്നവർക്കെതിരെ നടപടിയുണ്ടാകണം.
നാട്ടുകാർ