ആലക്കോട്: മഹാരാഷ്ട്രയിൽ നിന്നും ആലക്കോട് പരപ്പയിലെത്തിയ 58 കാരൻ കൊവിഡ് ബാധിച്ച് ചികിത്സ തുടരുന്നതിനിടെ ഇയാൾക്ക് ഹൃദ്രോഗം ഉൾപ്പെടെ നിരവധി ആരോഗ്യ പ്രശ്‌നങ്ങളുള്ളതായി ആരോഗ്യവകുപ്പ്. റബ്ബർ ടാപ്പിംഗ് തൊഴിലാളിയായ ഇയാൾക്കൊപ്പം നാട്ടുകാരായ നാലുപേർ കൂടി ട്രെയിൻ മാർഗ്ഗം കോഴിക്കോട്ടെത്തുകയും ഇതിലൊരാൾ വിണുപരിക്കേറ്റതിനെത്തുടർന്ന് അവിടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ബാക്കി നാലുപേർ ബസിൽ കണ്ണൂർ, തളിപ്പറമ്പ് വഴി ആലക്കോട് ടൗണിലെത്തി. തുടർന്ന് ആലക്കോട് നിന്നും രണ്ട് ഓട്ടോറിക്ഷകളിൽ പരപ്പയിലെത്തിയശേഷം പഞ്ചായത്ത് ഏർപ്പെടുത്തിയ ക്വാറന്റൈൻ കേന്ദ്രത്തിലെത്തിയെന്നാണ് വിവരം.
മേയ് 29 ന് ഇയാൾ തളിപ്പറമ്പിൽ നിന്നും ആലക്കോട്ടേയ്ക്ക് വന്നത് തളിപ്പറമ്പ് -ചെറുപുഴ റൂട്ടിൽ സർവ്വീസ് നടത്തുന്ന 'സാഗര ബസ്സിലായിരുന്നുവെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അന്ന് വൈകുന്നേരം 5.20 ന് തളിപ്പറമ്പിൽ നിന്നും പുറപ്പെട്ട സമയത്ത് ഈ ബസിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും ഉടൻ തന്നെ ആലക്കോട് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് സി.ഐ കെ.ജെ വിനോയി അറിയിച്ചു. ഫോൺ: 04602255252.