കാസർകോട്: വാക്കുതർക്കത്തിനിടെ പഞ്ചായത്ത് സെക്രട്ടറി യു.ഡി ക്ലാർക്കിന്റെ മുഖത്ത് തുപ്പിയെന്ന പരാതിയെ ചൊല്ലി വിവാദം കൊഴുക്കുന്നു. യു.ഡി ക്ലാർക്ക് കൊല്ലം സ്വദേശി രാജ്‌മോഹനാണ് ബദിയടുക്ക പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ബദിയടുക്ക പൊലീസിൽ പരാതി നൽകിയത്. കൊവിഡ് വൈറസ് പടരുന്ന സാഹചര്യമുണ്ടാക്കുന്ന വിധം പഞ്ചായത്ത് സെക്രട്ടറി തന്റെ ദേഹത്ത് തുപ്പിയെന്നാണ് രാജ്‌മോഹൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട കോലാഹലങ്ങൾ നിലനിൽക്കെ പഞ്ചായത്ത് സെക്രട്ടറിക്ക് പനിയും ബാധിച്ചു. ഇതോടെ സെക്രട്ടറിയുടെ സ്രവം ആരോഗ്യ പ്രവർത്തകർ പരിശോധനക്കയച്ചിരിക്കുകയാണ്. പരാതി സംബന്ധിച്ച് പൊലീസ് പ്രാഥമികാന്വേഷണം ആരംഭിച്ചു.
കാര്യങ്ങൾ ഇങ്ങനെ
ബദിയടുക്ക പഞ്ചായത്തിലെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ചുമതല സെക്രട്ടറി നേരത്തെ ഇവിടെ ജോലി ചെയ്തിരുന്ന കണ്ണൂർ സ്വദേശികളായ അസി. സെക്രട്ടറിക്കും യു.ഡി ക്ലാർക്കിനുമാണ് നൽകിയിരുന്നത്. സെക്രട്ടറിയുടെ ഉത്തരവ് കൈപ്പറ്റുന്നതിന് മുമ്പ് തന്നെ നാട്ടിൽ പോയ ഇരുവരും പിന്നെ തിരിച്ചുവന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രണ്ടുപേരും കണ്ണൂർ ജില്ലയിലെ ഒരു പഞ്ചായത്തിൽ ജോലിക്ക് കയറിയതായി കണ്ടെത്തി. ഇതോടെ ഇവരോട് വിശദീകരണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു നോട്ടീസ് നൽകുന്നതിന് സെക്രട്ടറി ബദിയടുക്ക പഞ്ചായത്തിൽ പുതുതായി ചുമതലയേറ്റ യു.ഡി ക്ലാർക്ക് രാജ്‌മോഹനെ ഏൽപ്പിച്ചു. എന്നാൽ നോട്ടീസിലെ വാചകങ്ങൾ വായിച്ചാൽ മനസിലാകുന്നില്ലെന്നുപറഞ്ഞ് രാജ്‌മോഹൻ ബന്ധപ്പെട്ടവർക്ക് കൈമാറിയില്ല. ഇതിൽ പ്രകോപിതനായ സെക്രട്ടറി യു.ഡി ക്ലാർക്കിനെതിരെ നടപടിയെടുക്കുന്നതിന് യോഗം ചേരണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതിക്ക് കത്ത് നൽകി. കഴിഞ്ഞ ദിവസമായിരുന്നു പഞ്ചായത്ത് ഭരണ സമിതിയോഗം ചേരേണ്ടിയിരുന്നത്.എന്നാൽ യോഗം നടന്നില്ല. ഇതിനിടെ നോട്ടീസിനെ ചൊല്ലി പഞ്ചായത്ത് സെക്രട്ടറിയും ക്ലർക്ക് രാജ്‌മോഹനും തമ്മിൽ വാക്കുതർക്കം നടന്നു. ഇതിനിടെ രാജ്‌മോഹന്റെ ദേഹത്ത് പഞ്ചായത്ത് സെക്രട്ടറി തുപ്പിയെന്നാണ് പരാതി.