കണ്ണൂർ: ജില്ലയിൽ കൊവിഡ് 19 ഉയർത്തുന്ന ഭീഷണിക്ക് പിറകെ മഴക്കാല രോഗ ആശങ്കയും. ജില്ലയിലെ മലയോര പഞ്ചായത്തുകളായ ആലക്കോട്, ശ്രീകണ്ഠാപുരം, ചെറുപുഴ, ഇരിക്കൂർ തുടങ്ങിയ പഞ്ചായത്തുകളിലാണ് എലിപ്പനി, ഡെങ്കിപ്പനി ഭീഷണി ഉയർത്തുന്നത്. മഴക്കാലം തുടങ്ങുന്നതിന് മുമ്പ്തന്നെ ആലക്കോട് ഡങ്കിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ രൂപപ്പെട്ട മാലിന്യങ്ങൾ മലയോര പഞ്ചായത്തുകളുടെ ഉറക്കം കെടുത്തുകയാണ്. ഇരിട്ടി, ആറളം പോലുള്ള പഞ്ചായത്തുകളിൽ പ്രളയാവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ ബാക്കിയുണ്ട്. കണ്ണൂർ കോർപ്പറേഷൻ പരിധിയിലും സ്ഥിതി വ്യത്യസ്തമല്ല. നേരത്തെ ഉണ്ടായിരുന്ന നഗരസഭ പരിധിയും കോർപ്പറേഷൻ ആകുമ്പോൾ കൂട്ടിച്ചേർത്ത പള്ളിക്കുന്ന്, എളയാവൂർ, പൂഴാതി, ചേലോറ, എടക്കാട് എന്നീ പഞ്ചായത്തുകളിലുമാണ് അടിയന്തര പ്രാധാന്യത്തോടെ മാലിന്യ നീക്കം നടക്കേണ്ടത്. ഇതിനിടെയാണ് കൊവിഡ് വ്യാപനവും കാലവർഷവും എത്തിയത്. ജില്ലയിൽ 115 പേർ ഇപ്പോഴും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. 777 ആളുകളുടെ പരിശോധന ഫലം ലഭിക്കാനുമുണ്ട്. 9459പേരാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയ്ക്ക് ഒരുതരത്തിലും ആശ്വസിക്കാൻ വകയില്ലാത്ത സാഹചര്യത്തിലാണ് കാലവർഷം എത്തിയത്.
കോർപ്പറേഷൻ പരിധിയിലാണ് ഏറിയകൂറും മാലിന്യം കൂമ്പാരം ഉള്ളത്. ഇവ നീക്കം ചെയ്യുന്നതിനു വേണ്ടി കോർപ്പറേഷൻ 55 ഡിവിൽനുകളിലേക്കും 25,000 രൂപ വീതം അനുവദിച്ചിട്ടുണ്ട്. ശുചീകരണ കമ്മറ്റിയുടെ മേൽനോട്ടത്തിൽ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും തൊഴിലാളികളുടെ കുറവ് മാലിന്യ നീക്കത്തെ കാര്യമായിബാധിക്കുന്നുണ്ട്. 148 തൊഴിലാളികള ഉപയോഗിച്ചാണ് ഇപ്പോൾ മാലിന്യ നീക്കം നടക്കുന്നത്. കൂടിയ അളവിൽ മാലിന്യ കൂമ്പാരം ഉള്ള സ്ഥലങ്ങളിൽ ജെ.സി.ബി ഉപയോഗിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. ഇടക്കിടെ പെയ്യുന്ന മഴ മാലിന്യ നീക്കത്തെ ബാധിക്കുന്നുമുണ്ട്. തൊഴിലാളി ക്ഷാമം പരിഹരിക്കാൻ എൻ.എച്ച്.എം ഫണ്ട് ഉപയോഗിച്ച് താത്ക്കാലിക തൊഴിലാളികളെ എടുത്തിട്ടുണ്ടെന്ന് ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അഡ്വക്കറ്റ് പി. ഇന്ദിര പറഞ്ഞു. റെയിൽവെ അടിപ്പാലത്തിന് താഴെ കെട്ടിനിൽക്കുന്ന മലിനജലം നഗത്തെ ചെറുതായൊന്നുമല്ല വീർപ്പ് മുട്ടിക്കുന്നത്. റെയിൽവെ സ്റ്റേഷനിലടക്കമുള്ള മാലിന്യങ്ങളാണ് ഇവിടേക്ക് ഒഴുകി എത്തുന്നത്. റെയിൽവെ അധികൃർ അനുകൂല സമീപനം എടുത്താൽ മാത്രമെ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയൂ എന്ന് ഇന്ദിര പറഞ്ഞു. ചേലോറ പള്ളിക്കുന്ന് ഭാഗങ്ങളിൽ അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. കാലവർഷം ശക്തമാകുന്നതിന് മുമ്പുതന്നെ മാലിന്യ നിർമാർജ്ഞനം പൂർത്തിയാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പറഞ്ഞു.